കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി പശ്ചിമബംഗാൾ നിയമസഭ

single-img
28 January 2021

കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കൊണ്ടുവന്ന വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി പശ്ചിമബംഗാള്‍ നിയമസഭ. പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പുകള്‍ മറികടന്നാണ്​ മമത ബാനര്‍ജി സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്​. നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങുകയും ബഹളം വെക്കുകയും മനോജ്​ തിഗ്ഗയുടെ നേതൃത്വത്തില്‍ ജയ്​ ശ്രീറാം മുഴക്കി പുറത്തുപോകുകയും ചെയ്തു.

സംസ്ഥാന പാര്‍ലമെന്‍ററികാര്യ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ്​ സര്‍ക്കാരിനായി സഭയില്‍ പ്രമേയം അവതരിപ്പിച്ചത്​. മൂന്നു കാര്‍ഷിക നിയമങ്ങളും കര്‍ഷക വിരുദ്ധമാണെന്നും കോര്‍പറേറ്റുകള്‍ക്ക്​ അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ, കോണ്‍ഗ്രസ്​ എംഎല്‍എമാരുടെ പിന്തുണയോടെയാണ്​ പ്രമേയം പാസാക്കിയത്​.

ബിജെപി കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ തങ്ങളുടെ മൃഗീയ ശക്തി ഉപയോഗിച്ച്‌​ പാസാക്കുകയായിരുന്നുവെന്നും കേന്ദ്രം നിയമങ്ങള്‍ പിന്‍വലിക്ക​ണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.