ബാരിക്കേഡുകള്‍ ഇടിച്ചുമാറ്റി കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിച്ചു; തലസ്ഥാന വീഥിയിൽ ട്രാക്ടറോടിച്ച് സ്ത്രീകളും

single-img
26 January 2021

72ാമത് റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിച്ചു. നൂറുകണക്കിന്‌ ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. സിംഘു ത്രിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. റിപ്പബ്ലിക്ക് ദിന പരേഡിന് സമാന്തരമായാണ് അമ്പരിക്കുന്ന ജന പങ്കാളിത്തത്തോടെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിയത്. പതിനായിരത്തിലേറെ കര്‍ഷകരാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തത്. 

കുട്ടികളെയും ദേശീയപതാകയും കയ്യിലേന്തി സ്ത്രീകള്‍ പോലും തലസ്ഥാന വീഥികളിലൂടെ ടാക്ടര്‍ ഓടിച്ചു. മാസങ്ങള്‍ക്ക് മുമ്പേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍  ടാക്ടര്‍ ഓടിക്കാനായി സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. മാര്‍ച്ച് തടയാനായി പോലീസ് സിംഘു അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിപ്പിച്ചത്.

Farmers' rally

പോലീസ് നിര്‍ത്തിയിട്ട ട്രക്കുകളും കര്‍ഷകര്‍ മാറ്റി. പോലീസ് ബാരിക്കേഡുകള്‍  ട്രാക്ടറുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ ഇടിച്ചുമാറ്റിയാണ് ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ഡല്‍ഹി നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം പോലീസ് അടച്ചു. ട്രാക്ടറുകള്‍ക്ക് പുറമെ ആയിരക്കണക്കിന് ആളുകള്‍ കാല്‍നടയായി ട്രാക്ടര്‍ റാലിയെ അനുഗമിക്കുന്നുണ്ട്.

kisan march

സംഘാടകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കര്‍ഷമാര്‍ച്ചിലുള്ള ജനങ്ങളുടെ പങ്കാളിത്തം. 12 മണിക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്‌. എന്നാല്‍ അപ്രതീക്ഷിതമായ രാവിലെ എട്ടു മണിയോടെ ടാക്ടര്‍ റാലി ഡല്‍ഹിയില്‍ പ്രവേശിക്കുകയായിരുന്നു.

ത്രികിയില്‍ 15 കിലോമീറ്ററുകളോളം ദൂരത്തില്‍ ടാക്ടറുകള്‍ അതിര്‍ത്തി കടക്കാനായി കാത്തുനില്‍ക്കുന്നുണ്ട്. കര്‍ഷക സംഘടനകള്‍ നിയോഗിച്ച വാളന്റിയര്‍മാരാണ് റാലിയെ നിയന്ത്രിക്കുന്നത്. റോഡുകളുടെ ഇരുവശവും കര്‍ഷകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനായി ജനങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ട്. ബൈക്കുകളിലും കാറുകളിലും കാല്‍നട ജാഥയായും ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടര്‍ റാലിയെ അനുഗമിക്കുന്നുണ്ട്. 

ആറുമണിക്കുള്ളില്‍ ഡല്‍ഹി വിടണമെന്നാണ് പോലീസ് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ആറുമണി ആയാല്‍ പോലും തയ്യാറായി നില്‍ക്കുന്ന ട്രാക്ടറുകള്‍ ഡല്‍ഹിയില്‍ എത്തിച്ചേരില്ല.  ബാരിക്കേഡുകള്‍ നീക്കി മുന്നോട്ടുനീങ്ങിയ കര്‍ഷകര്‍ക്ക് നേരെ ചിലയിടങ്ങളില്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു.

അനുമതി നല്‍കിയതിലും പതിന്മടങ്ങ് ട്രാക്ടറുകളാണ് ഡല്‍ഹിയിലേക്ക് എത്തുന്നത്. പലയിടത്തും സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

പോലീസും കര്‍ഷകരും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.