യുവാക്കളുമായി സംസാരിക്കാനും പ്രകടന പത്രിക തയ്യാറാക്കാനും ശശി തരൂറിന്റെ കേരള പര്യടനം

single-img
23 January 2021

ശശി തരൂര്‍ എം.പി (Shashi Tharoor) സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ശശി തരൂരിന് നിര്‍ണായക ചുമതലകള്‍ നല്‍കികൊണ്ടാണ് തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാക്കുന്നത്. 

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനുള്ള  തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. എഐസിസി പ്രതിനിധി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക ഗഹ്‌ലോത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനും യുവാക്കളുമായി സംസാരിക്കാനും യോഗം ശശി തരൂരിനെ ചുമതലപ്പെടുത്തി. പ്രകടന പത്രിക തയ്യാറാക്കാന്‍ ശശി തരൂര്‍ കേരള പര്യടനം നടത്തും.

ഗ്രൂപ്പ് അടക്കമുള്ള മറ്റു പരിഗണനകളൊന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മാനദണ്ഡമാക്കില്ലെന്നും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മാത്രമെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തുകയുള്ളൂവെന്ന് എഐസിസി പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി. .  കൂടാതെ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്നും മേല്‍നോട്ട സമിതി തീരുമാനമെടുത്തു. 

കോണ്‍ഗ്രസ് ജനപ്രതിനിധികളുമായും മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷിളുമായും ഗഹ്‌ലോത്ത് ചര്‍ച്ച നടത്തിയിരുന്നു.