ബലാക്കോട്ട് ആക്രമണം ബിജെപി തെരഞ്ഞടുപ്പ് വിജയത്തിനായി ആസൂത്രണം ചെയ്തത്: ഇമ്രാന്‍ ഖാന്‍

single-img
18 January 2021

2019 ൽ ഇന്ത്യ പാകിസ്ഥാനിലെ ബലാക്കോട്ട് നടത്തിയ ആക്രമണം ബിജെപി ഇന്ത്യയിലെ തെരഞ്ഞടുപ്പ് വിജയത്തിന് വേണ്ടി ആസൂത്രണം ചെയ്തതാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ നടത്താന്‍ പോകുന്ന ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തെ റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ​ഗോസ്വാമി അറിഞ്ഞിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഇമ്രാന്റെ പ്രതികരണം.

“ആക്രമണം നടന്നപ്പോള്‍ തന്നെ നരേന്ദ്ര മോദി സർക്കാർ എങ്ങിനെയാണ് തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ബലാക്കോട്ട് ആക്രമണം ഉപയോ​ഗിച്ചതെന്ന് യു.എൻ.ജി.എയുടെ മുന്നിൽ ഞാൻ വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ യുദ്ധകാഹളം മുഴക്കുന്നതിൽ പേരുകേട്ട ഇന്ത്യയിലെ ഒരു മാധ്യമ പ്രവർത്തകൻ അയച്ച സന്ദേശങ്ങൾ ഇന്ത്യൻ മീഡിയയും മോദി സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ചൂണ്ടിക്കാണിക്കുന്നത്”. – ഇമ്രാൻ ഖാൻ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അര്‍ണബിന്റെയും ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസിന്റെയും വാട്‌സ് ആപ്പ് ചാറ്റ് പുറത്തായത്. ഇന്ത്യന്‍ സൈനിക താവളമായ പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് നടത്താനിരുന്ന ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.