ഹെഡ്‌സെറ്റിന്റെ വള്ളി കഴുത്തില്‍ കുരുക്കി പത്തുമാസം ചുമന്നു പെറ്റ കുഞ്ഞിനെ എങ്ങനെ കൊല്ലാന്‍ കഴിഞ്ഞു; പോസ്റ്റ്പാർട്ടം ഡിപ്രഷൻ അധവാ പ്രസവാനന്തര വിഷാദം അനുഭവസ്ഥയുടെ ഫേസ്ബുക് കുറിപ്പ്

single-img
9 January 2021

കാസര്‍ഗോഡ് ബദിയടുക്കയില്‍ പിഞ്ചു കുഞ്ഞിനെ അമ്മ ഹെഡ്‌സെറ്റിന്റെ വള്ളി കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോഴും കേരളം ഞെട്ടലിലാണ്. സംഭവത്തെ ക്രൂരമെന്ന് പലരും വിശേഷിപ്പിച്ചു. കൈക്കുഞ്ഞിനെ ഫ്ലാറ്റിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊന്നു, വാഷിംഗ് മിഷ്യനിലിട്ടു തുടങ്ങിയ വാർത്തകൾ ഇപ്പോള്‍ ഒറ്റപ്പെട്ട സംഭവമല്ല. പത്തുമാസം ചുമന്നു പെറ്റ കുഞ്ഞിനെ എങ്ങനെ കൊല്ലാന്‍ കഴിയുന്നുവെന്ന് നമ്മള്‍ അത്ഭുതപ്പെടാറുണ്ട്.

സത്യത്തില്‍ ഈ സംഭവങ്ങൾക്ക് പിന്നിലെ പ്രധാന വില്ലനാണ് അമ്മയുടെ മാനസികാരോഗ്യം. പുതിയ ഉത്തരവാദിത്വങ്ങളും മാറ്റങ്ങളും പലതരം ഉത്കണ്കഠകളുണ്ടാക്കുന്ന കാലവും കൂടിയാണ്. അത് കൊണ്ട് തന്നെ ഗർഭകാലവും പ്രസവാനന്തര കാലവും മാനസിക പ്രശ്നങ്ങൾക്ക്  ഏറ്റവും സാധ്യതയുള്ള കാലമായി വിദഗ്ധര്‍ വിലയിരുത്തുന്നു.

പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളില്‍ കണ്ടു വരുന്നതും. എന്നാല്‍ സമയത്ത് തിരിച്ചറിയപെടാതെ പോകുന്നതുമായ രോഗമാണ്. ഇന്ത്യയില്‍ 22 ശതമാനം സ്ത്രീകൾക്ക് പ്രസവാനന്തര വിഷാദരോഗം ഉണ്ടാകുന്നു. സാധാരണ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇതിന്റെയും പ്രധാന ലക്ഷണങ്ങള്‍ എങ്കിലും പ്രസവത്തിന് ശേഷം ഒരാഴ്ച്ച മുതല്‍ ആറുമാസം വരെ നീണ്ടു നിൽക്കുന്ന കാലയളവാണ് രോഗനിർണയത്തിന് പരിഗണിക്കുന്നത്. കൃത്യ സമയത്ത് കണ്ടെത്തുകയും ചികിത്സ നടത്തുകയും ചെയ്തില്ലെങ്കിൽ ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. ഇത് തിരിച്ചറിഞ്ഞു വേണ്ട ശ്രദ്ധ നൽകിയാല്‍ എല്ലാ അമ്മമാര്‍ക്കും ഇതിനെ അതിജീവിക്കാം.

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ചും താൻ അനുഭവിച്ച മാനസികാവസ്ഥയെ കുറിച്ചും ഫേസ്ബുക് കുറിപ്പിലൂടെ പങ്കുവെയ്ക്കുകയാണ് മാധ്യമ പ്രവർത്തകയായ ഖാസിദ കലാം.

ഖാസിദ കലാമിന്റെ ഫേസ്ബുക് കുറിപ്പ് :

നമിക്കിന് വേണ്ടി കുറച്ചു വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്… പക്ഷേ, നമിക്കിൻ്റെ ഒന്നാം പിറന്നാൾ മനസ്സറിഞ്ഞ് ആഘോഷിക്കാൻ പറ്റിയിട്ടില്ല… ആ മാസം എന്തുകൊണ്ടാണ് പിരീഡ്സ് ലേറ്റാകുന്നത് എന്നതിലായിരുന്നു ആശങ്ക മുഴുവൻ… ആശങ്കപ്പെട്ടത് സംഭവിച്ചു. ‘നന്മ’ വരവറിയിച്ചു.. പക്ഷേ

ഒട്ടും സന്തോഷിക്കാൻ തോന്നിയില്ല…

സിസേറിയൻ്റെ വേദന പോലും മാറിത്തുടങ്ങിയിട്ടില്ല.. മുറിവ് ഉണങ്ങിക്കാണുമോ.. കുഞ്ഞ് വയറിനുള്ളിൽ വലുതാകുന്നതിനനുസരിച്ച് സ്റ്റിച്ച് പൊട്ടുമോ – തുടങ്ങി മനസ്സിലെ പേടികൾ കൂടിക്കൂടി വന്നു…

നമിക്ക് വന്നതിന് ശേഷമുള്ള പോസ്റ്റ്പാർട്ടം ഡിപ്രഷനിൽ നിന്ന് ഞാൻ കരകയറി തുടങ്ങിയിട്ടുണ്ടായിരുന്നില്ല… വയറ്റിൽ മുള പൊട്ടിയ നാമ്പിനെ കളയാനുള്ള ധൈര്യമുണ്ടായില്ല..

ധൈര്യം തന്നത് ഇഖ്റഅ ഹോസ്പിറ്റലിലെ ഡോക്ടറാണ്… പേടിക്കേണ്ട.. സ്റ്റിച്ചിന് പ്രശ്നം വരുന്നവർക്ക് എത്ര കാലം കഴിഞ്ഞ് പ്രെഗ്നൻ്റ് ആയാലും ആ പ്രശ്നം വരും… പിന്നെ മോൻ വരാൻ താമസിച്ചതുകൊണ്ട് അവനുള്ള കൂട്ട് പെട്ടെന്നു തന്നെ ആയിക്കോട്ടെ.. ഇല്ലെങ്കിൽ ചിലപ്പോൾ അവൻ ഒറ്റയ്ക്കായിപ്പോകും, എന്ന അവരുടെ വാക്കുകൾ ജീവിതം തിരിച്ചു തന്നു.

പക്ഷേ ആ കാലഘട്ടം ഓർക്കുമ്പോൾ ഇന്നും ഒരു വിങ്ങൽ വല്ലാതെ വന്നു നിറയും.. നമിക്കിൻ്റെ പാലുകുടി നിർത്തി, അവനെ എടുക്കുന്നത് കുറഞ്ഞു, എൻ്റെ മാറത്ത് കിടത്തി അവനെ ഉറക്കാൻ പറ്റാതെയായി.. അവനെ ശ്രദ്ധിക്കുന്ന തിരക്കിൽ വയറ്റിൽ കിടക്കുന്ന നന്മയെ പരിഗണിക്കാൻ, മിണ്ടാൻ പലപ്പോഴും മറന്നു…

കാസർക്കോട് നിന്നുള്ള ആ വാർത്ത അത്രയേറെ നടുക്കിയത് കൊണ്ടു മാത്രം കുറിച്ചിടുന്നത്…

ഖാസിദ കലാമിന്റെ ഫേസ്ബുക്പോസ്റ്റ് ഇവിടെ വായിക്കാം.