കർഷക സമരത്തിന് പിന്തുണ; സിഖ് പുരോഹിതന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

single-img
16 December 2020

രാജ്യമാകെ നടക്കുന്ന കേന്ദ്രകാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിഖ് പുരോഹിതന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. സമരം ചെയ്യുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തന്റെ ആത്മഹത്യയെന്ന് ഇദ്ദേഹം തന്റെ ആത്മഹത്യകുറിപ്പില്‍ എഴുതി. ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള പുരോഹിതനായ ബാബ രാം സിംഗ് ഡല്‍ഹിയിലെ സിംഗു അതിര്‍ത്തിയിലാണ് ആത്മഹത്യ ചെയ്തത്.

ഇദ്ദേഹം തന്റെ സ്വന്തം തോക്കുപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകര്‍ അനുഭവിക്കുന്ന ദുരവസ്ഥയിലും അവരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ നയങ്ങളിലും തനിക്ക് വേദനയുണ്ടെന്ന് അദ്ദേഹം ആത്മഹത്യ കുറിപ്പില്‍ പറയുന്നു. കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങുന്നു.

നമ്മുടെ രാജ്യത്ത് ആ ദുരവസ്ഥയ്ക്ക് ഞാന്‍ സാക്ഷ്യം വഹിച്ചു. കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് നീതി നല്‍കുന്നില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു. തീര്‍ച്ചയായും ഇത് ഒരു അനീതിയാണ്. അടിച്ചമര്‍ത്തുന്നത് പാപമാണ്, ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.