എതിരാളികള്‍ കരുതിയിരിക്കുക; മുംബൈ ഇന്ത്യന്‍സിലേക്ക് രോഹിത് ശര്‍മ തിരികെയെത്തുന്നു

single-img
31 October 2020

ഐപിഎല്ലിലെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിലേക്ക് അവരുടെ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ അധികം വൈകാതെ മടങ്ങിയെത്തും. ഇതിനെ കുറിച്ച് വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് മുംബൈയുടെ താല്‍ക്കാലിക ക്യാപ്റ്റനായ കറെന്‍ പൊള്ളാര്‍ഡ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന മത്സരത്തിലെ ഒമ്പത് വിക്കറ്റിന്റെ വമ്പന്‍ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഹിത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ വളരെ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അധികം വൈകാതെ തന്നെ അദ്ദേഹം ടീമില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊള്ളാര്‍ഡ് അറിയിച്ചു. ഞങ്ങള്‍ക്ക് ഇനി കുറച്ചു മത്സരങ്ങളില്‍ കൂടി നന്നായി കളിക്കുകയും ഫൈനലില്‍ എത്തുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

കാലിലെ പിന്‍തുട ഞെരമ്പിനേറ്റ പരിക്കു കാരണം വിശ്രമത്തിലാണ് ഇപ്പോള്‍ രോഹിത്. അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് മുംബൈ ഫ്രാഞ്ചൈസി വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും ഇനിയും എത്ര ദിവസത്തെ വിശ്രമം വേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടില്ല.