മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് എല്ലാ ദിവസവും വാര്‍ത്താസമ്മേളനം വിളിച്ച് ആവശ്യപ്പെടുന്ന കാര്യം: കാനം രാജേന്ദ്രന്‍

single-img
28 October 2020

സംസ്ഥാന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമല്ല എന്നും ശിവശങ്കറെ കസ്റ്റഡിലെടുത്തത് സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒഴിവാക്കിയതാണ്. അതേപോലെ തന്നെ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ച് ആവശ്യപ്പെടുന്ന കാര്യമാണെന്നും കാനം പരിഹസിച്ചു.

അതേസമയം, നിലവിലെ ശിവശങ്കറിനെതിരായ നടപടി സംസ്ഥാന സര്‍ക്കാരിനെ ബാധിക്കില്ലെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തികസംവരണം സംബന്ധിച്ച മുസ്ലീം ലീഗിന്‌റെ നിലപാട് കുരുടന്‍ ആനയെ കണ്ടപോലെയാണെന്നും സാമ്പത്തികസംവരണം മറ്റ് സംവരണ വിഭാഗങ്ങളെ ബാധിക്കില്ലെന്നും കാനം പറഞ്ഞു. ഈ വിഷയത്തില്‍ ലീഗിന്റെ നിലപാടിനോട് കോൺഗ്രസ്സിന് പോലും യോജിപ്പില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.