കോവിഡ് വാക്സിൻ സ്വന്തം നിലയ്ക്കു ശേഖരിക്കാൻ സംസ്ഥാനങ്ങള്‍ക്കാനുമതിയില്ല; വൻ വാക്‌സിനേഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 50,000 കോടിയോളം രൂപ ചെലവ്

single-img
23 October 2020

വൻ വാക്‌സിനേഷന്‍ പദ്ധതിയിലൂടെ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനുള്ള മുന്നൊരുക്കങ്ങലുമായി കേന്ദ്ര സര്‍ക്കാര്‍. 50,000 കോടിയോളം രൂപ, ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരും വൊളന്റിയര്‍മാരും സംഭരണ–വിതരണ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ വന്‍ തയാറെടുപ്പാണ് 130 കോടി ജനങ്ങള്‍ക്കു വാക്‌സീന്‍ എത്തിക്കാനായി അണിയറയില്‍ നടക്കുന്നത്.

വാക്സിൻ ലഭ്യമായിക്കഴിഞ്ഞാല്‍ പ്രത്യേക കോവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാമിലൂടെയാകും വിതരണം. കേന്ദ്രം വാക്‌സീന്‍ നേരിട്ടു സംഭരിച്ച് മുന്‍ഗണനാക്രമത്തില്‍ വിതരണം ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നതെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുന്ന വാക്സിൻ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍ വഴി ലഭ്യമാക്കുകയാണ് ചെയ്യുക.

സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കു വാക്സീൻ ശേഖരിക്കാൻ പാടില്ല എന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണു സൂചന. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സീന്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിനു (യുഐപി) വേണ്ടി നിലവിലുള്ള ഡിജിറ്റല്‍ സംവിധാനവും നടപടിക്രമങ്ങളും കോവിഡ് വാക്‌സീന്‍ വിതരണത്തിനും ഉപയോഗപ്പെടുത്തും.

ശേഖരണം, സംഭരണം, വിതരണം എന്നിവയ്ക്കും ഇതേ മാര്‍ഗം തന്നെയാവും ഉപയോഗിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സീന്‍ കുത്തിവയ്പ് നല്‍കുന്നവര്‍ക്കു പരിശീലനം നല്‍കാനായി ഓണ്‍ലൈന്‍ സംവിധാനമൊരുക്കും. ഇലക്‌ട്രോണിക് വാക്‌സീന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് വഴി വാക്‌സീന്റെ സ്‌റ്റോക്ക്, ഏതു താപനിലയില്‍ സൂക്ഷിച്ചിരിക്കുന്നു തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാകും

സര്‍ക്കാരിന്റെ ഇമ്യൂണൈസേഷന്‍ പദ്ധതിയുടെ ഭാഗമായ കോള്‍ഡ് ചെയിന്‍ സംവിധാനങ്ങളുടെ ലഭ്യത സംബന്ധിച്ചും എത്രത്തോളം കൂടുതല്‍ ആവശ്യമായിവരും എന്നതിനെക്കുറിച്ചും വാക്‌സീന്‍ അഡ്മിനിസ്‌ട്രേഷന്‍ ദേശീയ വിദഗ്ധസമിതി വിലയിരുത്തി. സ്വകാര്യ മേഖലയുടെ സഹായം തേടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. അടുത്ത വര്‍ഷം ജൂലൈയോടെ 40-50 കോടി ഡോസ് വാക്‌സീന്‍ ലഭ്യമാകുമെന്നും ഏതാണ്ട് 25 കോടി ആളുകള്‍ക്കു നല്‍കാന്‍ കഴിയുമെന്നുമാണു പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‍വര്‍ധന്‍ അറിയിച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യമെമ്പാടും വാക്‌സീന്‍ ലഭ്യമാക്കാന്‍ പാകത്തില്‍ കോള്‍ഡ് ചെയിന്‍ സംവിധാനം ഒരുക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി.

വാക്‌സീന്‍ ലഭ്യമായിക്കഴിഞ്ഞാല്‍ ആദ്യഘട്ടത്തില്‍ 30 കോടി ആളുകള്‍ക്കാവും വിതരണം ചെയ്യുക. ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, നഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങി ഒരു കോടി ആളുകള്‍. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍, പൊലീസ്, സൈനികര്‍, അര്‍ധസൈനികര്‍ തുടങ്ങി രണ്ടു കോടി ആളുകള്‍. 50 വയസിനുമേല്‍ പ്രായമുള്ള 26 കോടി പേര്‍.

മറ്റു രോഗങ്ങളുള്ള 50 വയസിനു താഴെയുള്ള പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു കോടി ആളുകള്‍ എന്നിങ്ങനെ നാലു തരത്തിലാണ് ഇവരെ വേര്‍തിരിച്ചിരിക്കുന്നത്. നവംബര്‍ പകുതിയോടെ മുന്‍ഗണനാ പട്ടിക സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികയിലുള്ളവരെ തിരിച്ചറിയാനായി ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഏതാണ്ട് 50,000 കോടി രൂപയാണ് കേന്ദ്രം വാക്‌സീന്‍ ലഭ്യമാക്കാനായി മാറ്റിവച്ചിരിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ഓരോ വ്യക്തിക്കും 400-500 രൂപ ചെലവാകുമെന്നാണു കണക്കുകൂട്ടല്‍. 800 രൂപ വരെ വേണ്ടിവരുമെന്നു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദര്‍ പുനംവാല പറഞ്ഞിരുന്നു. മരുന്നു വാങ്ങുന്നതിനു പുറമേ നിര്‍മാണകേന്ദ്രങ്ങളില്‍നിന്നു വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയെന്നതും ഭാരിച്ച ചുമതലയാണ്.

Content: State Governments won’t be allowed to collect and distribute COVID vaccine: Center