ചെന്നിത്തല ചൂടിലാണ്, അരിശം തീരാതെ ബഹളം വയ്ക്കുന്നുമുണ്ട്; പരിഹാസവുമായി മന്ത്രി എംഎം മണി

single-img
22 October 2020

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി എം എം മണി. പ്രാദേശിക വിഷയങ്ങളിൽ രാഹുൽ അഭിപ്രായം പറയേണ്ട എന്ന ചെന്നിത്തലയുടെ പ്രസ്താവനയെ യാണ് മന്ത്രി മണി പരിഹസിച്ചത്.

രാഹുല്‍ ഗാന്ധി ആയാലും സത്യം പറയാനാണെങ്കില്‍ കേരളത്തില്‍ വരണ്ട എന്നാണ് ചെന്നിത്തലയുടെ നിലപാടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പുറത്ത് ഇത്തിരി ഖദറെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല ഇതിലപ്പുറം പറയുമെന്നും വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

അതുകൊണ്ടരിശം തീരാഞ്ഞിട്ട് ……
ചെന്നിത്തലയുടെ ഇന്നത്തെ പ്രസ്താവന കണ്ടാൽ പിന്നെന്താണ് പറയുക. ശ്രീമാൻ രാഹുൽഗാന്ധി ആയാലും സത്യം പറയാനാണെങ്കിൽ കേരളത്തിൽ വരണ്ട എന്നാണ് ചെന്നിത്തലജിയുടെ ആവശ്യം. പുറത്ത് ഇത്തിരി ഖദറൊക്കെ ധരിച്ചിട്ടുണ്ടെങ്കിലും ഉള്ളിൽ നിറയെ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയും. ഉണ്ടായ സംഗതി നിസ്സാരമാണ്. കേരളത്തിൽ വന്ന രാഹുൽ ഗാന്ധി കണ്ടത് കണ്ടതുപോലെ പറഞ്ഞു: കേരളത്തിലെ കോവിഡ് പ്രതിരോധം മാതൃകാപരമാണെന്ന്.

ഇവിടെ ചെന്നിത്തലയും കൂട്ടരും ബിജെപിക്കൊപ്പം ലീഗ്, ജമാ അത്തെ കക്ഷികളെയൊക്കെ കൂട്ടി കലാപത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി പണി പറ്റിച്ചത്.

എന്തായാലും ചെന്നിത്തല ചൂടിലാണ്. അരിശം തീരാതെ ബഹളം വയ്ക്കുന്നുമുണ്ട്. പ്രതിപക്ഷനേതാവ് എന്ന സ്ഥാനമെങ്കിലും നിലനിർത്തിപ്പോകാൻ പെടേണ്ട പാട് രാഹുൽഗാന്ധിക്ക് അറിയില്ലല്ലോ !