അതിർത്തികടന്ന് അലഞ്ഞ് തിരിഞ്ഞ ചൈനീസ് സൈനികൻ ലഡാഖിൽ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിൽ

single-img
19 October 2020
chinese soldier LAC indian army

ലഡാഖിൽ (Ladakh) അതിർത്തികടന്ന് ഇന്ത്യൻ അധീന പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം അറസ്റ്റ് ചെയ്തു. ഇന്ത്യ-ചൈന അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോൾ (Line of Actual Control -LAC) കടന്നെത്തിയ സൈനികനാണ് പിടിയിലായത്. ഇയാളെ ചൈനയുടെ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയ്ക്ക് (People Liberation Army -PLA) കൈമാറുമെന്ന് ഇന്ത്യൻ ആർമി വക്താക്കൾ അറിയിച്ചു.ചൈനീസ് സൈന്യത്തിൽ കോർപ്പറൽ ആയ വങ് യാ ലോങ് (Corporal Wang Ya Long) എന്നയാളെയാണ് കിഴക്കൻ ലഡാഖിലെ ഡെംചോക് സെക്ടറിൽ (Demchok Sector) വെച്ച് പിടികൂടിയതെന്ന് ആർമിയുടെ പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ 19-നാണ് ഇയാളെ ഇന്ത്യൻ അതിർത്തിക്കുള്ളിൽ അലഞ്ഞുതിരിയുന്നനിലയിൽ കണ്ടെത്തിയത്.

കാണാതായ സൈനികന്റെ വിവരങ്ങൾ അന്വേഷിച്ച് ചൈനീസ് സൈന്യത്തിന്റെ ഒരു അപേക്ഷ ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പ്രകാരം ഇയാളെ ചുഷൂൽ-മോൾഡോ (Chushul – Moldo) മീറ്റിങ് സഥലത്ത് വെച്ച് ചൈനീസ് അധികൃതർക്ക് കൈമാറുമെന്നും ആർമി അറിയിച്ചു.

അദ്ദേഹത്തിന് ഓക്സിജൻ അടക്കമുള്ള മെഡിക്കൽ സഹായവും ഭക്ഷണവും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും നൽകിയിട്ടുണ്ടെന്നും ആർമി അറിയിച്ചു.

എൽ എ സിയ്ക്ക് ഇരുഭാഗത്തുമായി രണ്ടു രാജ്യങ്ങളുടെയും 50,000 സൈനികർ വീതം കഴിഞ്ഞ മേയ്മാസം മുതൽ നിലയുറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനീസ് സൈനികൻ അതിർത്തിഭേദിച്ചതെന്നതും ശ്രദ്ധേയമാണ്.