കെഎസ്ആർടിസി ബസിനെ പോകാനനുവദിക്കാതെ `ഷോ´ കാണിച്ച കണ്ണന് ഇനി വാഹനം ഓടിക്കാൻ കഴിയില്ല: ലെെസൻസ് പിടിച്ചെടുത്ത് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

single-img
16 October 2020

കൊല്ലത്ത് കെഎസ്ആർടിസി ബസിനെ കടന്നുപോകാനനുവദിക്കാതെ അപകടകരമായ രീതിയിൽ സ്കൂട്ടറിൽ യാത്രചെയ്ത് ഡ്രെെവറെ  അസഭ്യം പറഞ്ഞ യുവാവിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കാവനാട് സ്വദേശി കണ്ണനാണ് സുഹൃത്തിനൊപ്പം ബസിന് മുൻപിൽ അപകടകരമായരീതിയിൽ സ്കൂട്ടറോടിച്ചത്. സ്കൂട്ടർ ശക്തികുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. 

ഇയാളുടെ ലൈസൻസ് പിടിച്ചെടുക്കുകയും റദ്ദാക്കാൻ ശുപാർശ നൽകിയിട്ടുണ്ടെന്ന്  ആർടിഒ. മഹേഷ് പറഞ്ഞു. ബസിന് മുൻപിൽ ഇവർ തടസ്സം സൃഷ്ടിച്ച് നീങ്ങുന്നതിന്റെ വീഡിയോ യാത്രക്കാരിലൊരാൾ പകർത്തിയത് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കെെക്കൊണ്ടത്. 

മലപ്പുറം ഡിപ്പോയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റിന് മുൻപിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.30ഒാടെ നീണ്ടകര പാലത്തിൽ വച്ച് കണ്ണനും കൂട്ടുകാരനും തുടർച്ചയായി ഹോണടിച്ച് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്തു തടസ്സം സൃഷ്ടിച്ചത്. ഈ സമയം ബസ് സഡൻ ബ്രേക്കിട്ടു. അൻപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 

കൊല്ലം ബൈപ്പാസ് തുടങ്ങുന്ന ആൽത്തറമൂട് ജങ്ഷനിലെ സിഗ്നൽ വരെ യുവാക്കൾ ബസിനു മുൻപിൽ കടന്നുപോകാനനുവദിക്കാതെ യാത്രചെയ്തു. സിഗ്നലിലെത്തിയതോടെ സ്കൂട്ടർ ബസിന് കുറുകേ നിർത്തി ഇറങ്ങി ഡ്രൈവറെ അസഭ്യം പറഞ്ഞു. സംഭവം യാത്രക്കാരിലൊരാൾ മൊബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവർ പിന്മാറിയത്.

നീണ്ടകര പാലത്തിൽ സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു യുവാക്കളുടെ അക്രമം. തുടർന്ന് സ്കൂട്ടറെടുത്ത് കാവനാട് ജങ്ഷനിലെത്തിയ യുവാക്കൾ ഇവിടെവച്ചും ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും അസഭ്യം പറഞ്ഞു.

ബസ് അധികൃതർ കൊല്ലം ഡിപ്പോയിലെത്തി സംഭവം റിപ്പോർട്ട്‌ ചെയ്തുവെങ്കിലും പരാതി നൽകിയിരുന്നില്ല. എന്നാൽ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് സ്വമേധയാ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ തന്നെ സ്കൂട്ടറോടിച്ച കണ്ണൻ്റെ ലൈസൻസ് വാഹനവകുപ്പ്  പിടിച്ചെടുത്തു. തുടർനടപടികളുണ്ടാകുമെന്നും കൊല്ലം ആർ.ടി.ഒ. എൻഫോഴ്സ്മെൻ്റ് അറിയിച്ചിട്ടുണ്ട്.