‘ഇവർ പുറത്തേക്ക് പോകണം,’ഉപരാഷ്ട്രപതി; എളമരം കരീം കെകെ രാഗേഷ് ഉൾപ്പെടെ 8 പേർക്ക് സസ്പെൻഷൻ; നടപടി കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ചതിന്

single-img
21 September 2020
New Delhi: Opposition members protest in the Rajya Sabha in New Delhi on Tuesday. PTI Photo / TV GRAB (PTI12_22_2015_000269A)

കാര്‍ഷിക ബിൽ പാസാക്കിയതിന് പിന്നാലെ പ്രതിഷേധിച്ച എംപിമാര്‍ക്കെതിരെ നടപടിയുമായി കേന്ദ്രം. രാജ്യസഭയില്‍ പ്രതിഷേധിച്ച 8 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചു എന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍ നൽകിയത്.

എംപിമാരായ എളമരം കരീം, കെകെ രാഗേഷ്, ഡെറെക് ഒബ്രിയാന്‍. സഞ്ജയ് സിങ്, റിപുണ്‍ ബോറ, ദോല സെന്‍, രാജു സതവ്, സയ്യിദ് നാസിര്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഇവർ പുറത്തേക്ക് പോകണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളെന്നും നിര്‍ഭാഗ്യകരമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ബിജെപി എംപിമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു നടപടി സ്വീകരിച്ചത്. ബില്ല് പാസാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്രം ബില്ല് പാസാക്കിയെടുക്കുകയായിരുന്നു. ബില്‍ പാസാക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഗുരുതര ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി തൃണമൂല്‍ എംപി ഡെറക് ഒബ്രയാന്‍ രംഗത്തെത്തിയിരുന്നു.

ചതിയിലൂടെയാണ് കേന്ദ്രം ബില്ലുകള്‍ പാസാക്കിയെടുത്തതെന്ന് ഒബ്രയാന്‍ പറഞ്ഞു. വോട്ട് എടുപ്പ് നിഷേധിച്ചു. രാജ്യ സഭാ ടിവി സെന്‍സര്‍ ചെയ്തു. രാജ്യം ഈ ചതികളും ജനാധിപത്യ ലംഘനങ്ങളും കാണാതിരിക്കാന്‍ സംപ്രേഷണം നിര്‍ത്തിവെച്ചു. ജനാധിപത്യത്തെ കൊല ചെയ്യുകയാണുണ്ടായത്; ഇതിനെല്ലാം തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും ഡെറക് ഒബ്രയാന്‍ പ്രതികരിച്ചു.

‘ഇത് ഗുജറാത്തിലെ ജിംഖാനയല്ല; ഇന്ത്യന്‍ പാര്‍ലമെന്റാണ്. നിങ്ങള്‍ ചില നിയമങ്ങള്‍ പിന്തുണ്ടരേണ്ടതുണ്ട്. മോഡിയും അമിത് ഷായും തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. പാര്‍ലമെന്റിനേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ വേണ്ടി അവസാന തുള്ളി ചോര വീഴുന്നതു വരെ ഞങ്ങള്‍ പൊരുതും’. ഒബ്രയാന്‍ ട്വീറ്റ് ചെയ്തു. ഒബ്രയാന്റെ ട്വീറ്റിനെ ഏറ്റെടുത്തുകൊണ്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. ട്വീറ്റ് റിട്വീറ്റ് ചെയ്തുകൊണ്ട് ജനാധിപത്യം കൊലചെയ്യപ്പെടുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.