അല്‍ഖ്വെയ്ദ ബന്ധത്തില്‍ അറസ്റ്റിലായ ആളുടെ വീട്ടില്‍ എന്‍ഐഎ രഹസ്യ ചേംബര്‍ കണ്ടെത്തി എന്ന് പോലീസ്; സെപ്റ്റിക് ടാങ്കാണെന്ന് ഭാര്യ

single-img
20 September 2020

പശ്ചിമ ബംഗാളിൽ കഴിഞ്ഞ ദിവസം അല്‍ഖ്വെയ്ദ ബന്ധം സംശയിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട അബു സുഫിയാന്‍ എന്ന ആളുടെ വീട്ടില്‍ എന്‍ഐഎ രഹസ്യ ചേംബര്‍ കണ്ടെത്തിയെന്ന് പോലീസ്. മൂര്‍ഷിദാബാദിലെ അബു സുഫിയാന്റെ വീട്ടില്‍ നിന്ന് ധാരാളം ഇലക്ട്രിക് ഉപകരണങ്ങളും രഹസ്യ അറയും എന്‍ഐഎ കണ്ടെത്തിയെന്നായിരുന്നു റെയ്ഡ് നടത്തിയ ശേഷം പോലീസ് അറിയിച്ചത്. പക്ഷെ പോലീസിന്റെ ഈ ആരോപണങ്ങൾ സുഫിയാന്റെ വീട്ടുകാര്‍ നിഷേധിച്ചു.

എന്‍ഐഎ കണ്ടെത്തിയതായി പോലീസ് പറയുന്നത് രഹസ്യ അറ അല്ലെന്നും തങ്ങള്‍ ശുചിമുറിക്കായി നിര്‍മിച്ച സെപ്റ്റിക് ടാങ്ക് ആണെന്നും സുഫിയാന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 10 അടി നീളവും ഏഴടി വീതിയുമുള്ള രഹസ്യ ചേംബര്‍ കണ്ടെത്തി എന്നായിരുന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നത്. എന്നാല്‍ ഇത് സെപ്റ്റിക് ടാങ്ക് ആണെന്ന വിവരം തങ്ങള്‍ പോലീസിനോട് പറഞ്ഞതായും സുഫിയാന്റെ ഭാര്യ വ്യക്തമാക്കി.

ഇന്നലെയായിരുന്നു കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമായി ഒമ്പത് പേരെ എന്‍ഐഎ അല്‍ ഖ്വായ്ദ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. ഇതില്‍ മൂന്ന് പേരെ കേരളത്തില്‍ നിന്നായിരുന്നു പിടികൂടിയത്.