കഴിഞ്ഞ ആറു മാസമായി ചൈനീസ് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

single-img
16 September 2020

അവസാന ആറു മാസത്തിനുള്ളിൽ ഇന്ത്യ- ചൈന അതിര്‍ത്തി വഴി രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്‍റിൽ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി വഴി കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു നുഴഞ്ഞുകയറ്റം പോലും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇന്ന് രാജ്യസഭയിൽ ഔദ്യോഗികമായി അറിയിച്ചത്.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റത്തിൽ അടുത്തിടെ വലിയ വര്‍ദ്ധനവ്‌ ഉണ്ടായി ആശങ്കകള്‍ക്കിടെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജ്യസഭയിൽ എഴുതിത്തയ്യാറാക്കിയ മറുപടി വായിച്ചത്. രാജ്യസഭയിലെ എംപിയായ ഡോ. അനിൽ അഗര്‍വാളിൻ്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിവരം പുറത്തുവിട്ടത്.

നിലവില്‍ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിലും വലിയരീതിയില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിശദീകരണം. പാകിസ്ഥാനില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളുടെ സഹായത്തോടെ അതിര്‍ത്തിയിൽ നടക്കുന്ന നുഴഞ്ഞുകയറ്റങ്ങള്‍ അടിച്ചമര്‍ത്തുന്നതിൽ കേന്ദ്രസര്‍ക്കാര്‍ വലിയ വിജയം നേടിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡിയും രാജ്യസഭയെ അറിയിച്ചു.