മുഖ്യമന്ത്രിയോട് പരാതി പറഞ്ഞു, പിറ്റേന്ന് കാര്യം നടന്നു: ഏറെനാളായി താൻ അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടിന് അറുതിയായെന്ന് മല്ലിക സുകുമാരൻ

single-img
5 September 2020

വളരെക്കാലമായി താൻ അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടൽ ഫലം ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടി മല്ലികാ സുകുമാരൻ. മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിൻ്റെ പിറ്റേദിവസം തന്നെ ഒരു ടീം വരികയും പ്രശ്‌നപരിഹാരം ഉണ്ടാക്കുകയും ചെയ്തുവെന്ന് മല്ലിക വ്യക്തമാക്കി. 

ഞാൻ വീടുവച്ചത് മഴ പെയ്‌താൽ വെള്ളം കയറുന്ന സ്ഥലത്താണെന്നു പലരും പറഞ്ഞിരുന്നു. എട്ടു വർഷായി ഞാൻ അവിടെ താമസിക്കുന്നു. എന്നാൽ മഴയും കൊടുങ്കാറ്റും ഇടിയും വന്നിട്ട് ഞങ്ങൾക്കൊന്നും ഒരു ശല്യവുമുണ്ടായിട്ടില്ല. അതേസമയം ഡാം എല്ലാം കൂടി നിയന്ത്രണമില്ലാതെ തുറന്നുവിട്ടപ്പോൾ വന്നതാണ് ഈ വെള്ളപ്പൊക്കമെന്നും മല്ലിക ആരോപിച്ചു. 

ഒരുപാട് സാധനങ്ങൾ അന്ന് കേടായിരുന്നു. ഒന്ന് സഹിച്ചു. രണ്ടാമത്തെ പ്രാവശ്യം ആവർത്തിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് സർക്കാർ സംവിധാനങ്ങളുടെ ഏപോപനമില്ലായ്‌മയാണ് കാരണം എന്നായിരുന്നുവെന്നും മല്ലിക പറയുന്നു. വീടിന് പിന്നിലുള്ള ഒരു കനാൽ ചിലർ കയ്യേറിയതും അടുത്തുള്ള പുരയിടങ്ങളിലേക്ക് വെള്ളം കയറുന്നതിനിടയാക്കി. മന്ത്രിയായിരുന്ന മാത്യു ടി തോമസിനോട് കാര്യം പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ലെന്നും അതിനാലാണ് മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചതെന്നും മല്ലിക പറഞ്ഞു. 

ഒരു അപ്പോയിൻമെന്റ് എടുത്ത് ഞാൻ ചെന്നു. പത്തുമിനുട്ടേ എടുത്തുള്ളൂ, കാര്യം അദ്ദേഹത്തോട് അവതരിപ്പിച്ചു. ഇതെപ്പോഴായിരുന്നു എന്ന് അദ്ദേഹം അറിയുന്നത് അന്നാണ്- മല്ലിക പറയുന്നു. 

പരാതി പറഞ്ഞതിൻ്റെ അടുത്തതിൻ്റെ അടുത്ത ദിവസം ഒരു ടീം സ്ഥലത്തെത്തി. കനാൽ മുഴുവൻ ക്ളീൻ ആക്കി; ലക്ഷങ്ങളൊന്നും ചെലവാക്കാതെ തന്നെ. ഇപ്പോൾ പേപ്പാറ ഡാം തുറന്നല്ലോ? ഒരു കുഴപ്പവുമില്ല. മഴ പെയ്‌താൽ വെള്ളംകേറി മുങ്ങുന്നിടത്താണ് ഞങ്ങൾ താമസമെന്നത് വെറും പൊള്ളയായ ആരോപണമാണെന്നും മല്ലിക പറഞ്ഞു. 

ആദ്യമൊക്കെ കമാൻഡിംഗ് പവറുള്ള മുഖ്യമന്ത്രിയിരുന്നു പിണറായി വിജയനെങ്കിൽ ഇപ്പോൾ അത് കുറച്ചു കുറവാണോയെന്ന് സംശയമുണ്ടെന്നുള്ള കാര്യവും മല്ലിക പങ്കുവച്ചു. കൗമുദി ടിവിക്കു നൽകിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങൾ പങ്കുവച്ചത്.