ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിക്കാതെ കുവൈറ്റ്

single-img
1 September 2020

ലോകമാകെയുണ്ടായ കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ കുവൈറ്റിലേക്ക് നേരിട്ടെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോഴും മാറ്റമില്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള 32 രാജ്യങ്ങള്‍ക്കാണ് കുവൈറ്റ് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഈ പട്ടിക ഇപ്പോഴും പ്രാബല്യത്തില്‍തന്നെയാണ് ഉള്ളത്.

വിലക്കിയെങ്കിലും തങ്ങള്‍ ഇടയ്ക്കിടെ അവലോകനം നടത്തി ആവശ്യമെങ്കില്‍ പട്ടികയില്‍ മാറ്റം വരുത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം പട്ടിക തല്‍ക്കാലം മാറ്റേണ്ടെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ 31 രാജ്യങ്ങള്‍ക്കാണ് കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അതിന് ശേഷം അഫ്ഗാനിസ്ഥാനെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. വിലക്ക് ഉണ്ടെങ്കിലും ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കില്ലാത്ത മറ്റ് രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ചതിന് ശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലവുമായി കുവൈറ്റിലേക്ക് പോകാന്‍ തടസമില്ല.