അടുത്തെങ്ങും കോവിഡ് പ്രതിരോധ വാക്സിന്‍ വരില്ല; പ്രധാനമന്ത്രിക്ക് കത്തെഴുതി ആരോഗ്യവിദഗ്ധര്‍

single-img
1 September 2020

അടുത്തെങ്ങും കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്സിന്‍ വരില്ല എന്ന് തന്നെ കരുതണമെന്നും, അല്ലാതെയുള്ള തെറ്റായ പ്രതീക്ഷകള്‍ മാറ്റി വെച്ചുള്ള നയങ്ങള്‍ രൂപീകരിക്കണമെന്നും ചൂണ്ടിക്കാട്ടി രാജ്യത്തെ ആരോഗ്യവിദഗ്ധരുടെ രണ്ട് സംഘങ്ങള്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതി.

ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ (ഐപിഎച്ച്എ), ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപിഡമിയോളജിസ്റ്റ്സ് (ഐഎഇ) എന്നിങ്ങിനെ രണ്ട് സംഘടനകളാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
വൈറസ് വ്യാപനത്തിനെതിരെ കാര്യക്ഷമതയുള്ള ഒരു വാക്സിന്‍ അടുത്തൊന്നും ലഭ്യമാകില്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

അതുകൊണ്ടുതന്നെ കോവിഡ് വാക്സിന്‍ വേഗം വരുമെന്നത് രാജ്യത്തെ നയരൂപീകരണത്തെ നയിക്കുന്ന ഘടകമാകരുതെന്നാണ് വിദഗ്ധരുടെ കൂട്ടായ അഭിപ്രായം. വളരെവേഗത്തില്‍ ഫലപ്രദമായ വാക്സിന്‍ വരാനുള്ള സാധ്യത വളരെ കുറവാണ്. ഇപ്പോള്‍ ഉള്ളതുപോലെ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുകയെന്ന നയം ഉപേക്ഷിക്കണമെന്നും ഇവര്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. വൈറസിന്റെ സമൂഹവ്യാപനം ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ ഇനി ആവശ്യമുള്ളൂ.

എന്നിരുന്നാല്‍ തന്നെയും ക്ലസ്റ്റര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഓരോ പ്രദേശങ്ങളിലെ ജീവിതത്തെ അത് എങ്ങനെ ബാധിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കണം. എന്നാല്‍ ആവശ്യമായ ആരോഗ്യസംവിധാനങ്ങളെല്ലാം പ്രദേശത്ത് സജ്ജമാണെങ്കില്‍ ഈ നിയന്ത്രണങ്ങളുടെയും ആവശ്യമില്ല. ഇതിനോടകം സമൂഹവ്യാപനം നടന്നു കഴിഞ്ഞ നഗരങ്ങളില്‍ വീണ്ടും കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ആരോഗ്യവിദഗ്ധര്‍ എഴുതിയ പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് രോഗം മൂലമുള്ള മരണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിലാണ് ഇനി ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും വിദഗ്ധര്‍ പ്രധാനമന്ത്രിക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേപോലെ തന്നെ ക്വാറന്റൈന്‍ നയത്തില്‍ മാറ്റം വരുത്തണമെന്നും കേന്ദ്ര സര്‍ക്കാരിനോട് വിദഗ്ധര്‍ ആവശ്യപ്പെട്ടു. ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം അത് നടപ്പാക്കാന്‍. ഇപ്പോള്‍ ക്വാറന്റൈനിലിരിക്കുന്വരുടെ വീടുകളില്‍ പ്രത്യേക അടയാളങ്ങള്‍ പതിപ്പിക്കുകയും ചുറ്റും വേലി കെട്ടുകയുമെല്ലാം ചെയ്യുന്നുണ്ട്. ഇങ്ങിനെ ചെയ്യുന്നത് സമൂഹത്തില്‍ ഭീതി പടര്‍ത്തുവാന്‍ മാത്രമേ ഉപകരിക്കുന്നുള്ളൂ എന്നും ഇവര്‍ പറയുന്നു.

അത്പോലെതന്നെ വളരെ ശ്രദ്ധയോടെയും യുക്തിപൂര്‍വ്വവും വേണം ടെസ്റ്റിങ് നടത്തുവാനെന്നും പ്രധാനമന്ത്രിക്കുള്ള കത്തില്‍ വിദഗ്ധര്‍ പറഞ്ഞു. രോഗം കൂടുതല്‍ പടര്‍ന്നിട്ടില്ലാത്ത പ്രദേശങ്ങളില്‍ ടെസ്റ്റിങ് ഒരു നിരീക്ഷണപരിപാടിയെന്ന നിലയില്‍ നടത്താവുന്നതാണെന്നും അവര്‍ വ്യക്തമാക്കി.

നിലവില്‍ റഷ്യ ഒരു വാക്സിന്‍ നിര്‍മിക്കുകയും ലോകത്തിലെ ആദ്യത്തെ കോവി‍ഡ് വാക്സിന്‍ എന്ന അവകാശവാദത്തോടെ പുറത്തിറക്കുകയും ചെയ്തെങ്കിലും ഇതിന്റെ വിശ്വാസ്യത പരക്കെ ചോദ്യം ചെയ്യപ്പെട്ടതോടെ ലോകരാജ്യങ്ങളില്‍ നിലവില്‍ ഈ വാക്സിന്‍ ഉപയോഗിക്കുന്നില്ല.