സെക്രട്ടേറിയേറ്റിലെ തീപിടുത്തം: കെ സുരേന്ദ്രനെതിരെ അന്വേഷണം നടത്താൻ സർക്കാർ

single-img
26 August 2020

സെക്രട്ടേറിയേറ്റിലെ തീപിടുത്തത്തിന് പിന്നാലെ കെ സുരേന്ദ്രൻ സെക്രട്ടേറിയറ്റിനുള്ളിൽ കടന്ന സംഭവം അന്വേഷിക്കാൻ സർക്കാർ തീരുമാനം. സംഭവം മന്ത്രിസഭയിൽ ചർച്ചയായതിനെത്തുടർന്ന് ആഭ്യന്തരവകുപ്പാണ് തീരുമാനമെടുത്തിരിക്കുന്നത്.

തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രന്‍ അകത്ത് കടന്നത് സുരക്ഷാവീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തിൽ പറഞ്ഞു. ചീഫ് സെക്രട്ടറി ഓഫീസില്‍  നിന്നെത്തുംമുന്‍പ്  സുരേന്ദ്രന്‍ എത്തിയത് സംശയാസ്പദമാണെന്നും യോഗം വിലയിരുത്തി.

കെ സുരേന്ദ്രന് കെട്ടിടത്തിനുള്ളിൽ അനധികൃതമായി കടക്കാൻ കഴിഞ്ഞതെങ്ങനെയെന്നും സർക്കാർ അന്വേഷിക്കും. ഔദ്യോഗികപദവികളൊന്നുമില്ലാത്ത കെ സുരേന്ദ്രന് ഇപ്രകാരം ചെയ്യാൻ യാതൊരു അധികാരവുമില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

അതേസമയം ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് താൻ സെക്രട്ടേറിയറ്റിലെത്തിയതെന്ന് കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗേറ്റുകള്‍ തുറന്നിട്ടിരുന്നുവെന്നും തന്നെ ആരും തടഞ്ഞില്ലെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു.

“എന്നെ വേട്ടയാടി മതിയായിക്കാണില്ല. ശബരിമല കാലത്തെ പോലെ അകത്തിടാനാകും പരിപാടി. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടാണ് ഞാന്‍ അവിടെ എത്തിയത്. പിണറായിക്ക് ഭ്രാന്ത് പിടിച്ചോ..? ഇവിടെ എന്താണ് അടിയന്തരാവസ്ഥയാണോ..?”

സുരേന്ദ്രൻ ചോദിച്ചു

സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.