പരാമർശം പിൻവലിക്കാൻ സമയം അനുവദിച്ച് കോടതി, പ്രസ്താവനയിലുറച്ച് പ്രശാന്ത് ഭൂഷൺ

single-img
20 August 2020

കോടതിയലക്ഷ്യ കേസിനാസ്പദമായ പരാമർശം പിൻവലിക്കാൻ പ്രശാന്ത് ഭൂഷണ് സാവകാശം നൽകി സുപ്രീംകോടതി. രണ്ട് ദിവസത്തെ സമയം അനുവദിച്ച കോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിച്ചേക്കും. അതേ സമയം നിലപാടിൽ മാറ്റമില്ലെന്നും കോടതിയുടെ ഔദാര്യം വേണ്ടെന്നും പ്രശാന്ത് ഭൂഷൺ നിലപാട് വ്യക്തമാക്കി. തന്‍റെ പ്രസ്താവന തിരുത്താൻ തയ്യാറാണോ എന്ന് പ്രശാന്ത് ഭൂഷനോട് കോടതി ചോദിച്ചു. എന്നാൽ പ്രസ്താവനയിൽ മാറ്റമില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ മറുപടി. തുടര്‍ന്ന് നിലപാടിൽ മാറ്റമില്ലെങ്കിൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസ് അരുൺമിശ്രയും അറിയിച്ചു.

അതേ സമയം യാതൊരു തെളിവും മുന്നോട്ടുവെക്കാതെ കുറ്റക്കാരനെന്ന് കോടതി വിധിച്ചതിൽ ദുഖമുണ്ടെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. കോടതിയുടെ തീരുമാനം എന്നത് ഞെട്ടിച്ചു. എന്നാൽ മാപ്പു പറയില്ലെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. കോടതി എന്ത് ശിക്ഷ വിധിച്ചാലും സന്തോഷത്തോടെ സ്വീകരിക്കും. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ വിമർശനങ്ങൾ ഉണ്ടാകണം. ട്വിറ്ററിൽ നടത്തിയ പരാമർശങ്ങൾ അതിനുവേണ്ടിയുള്ള ശ്രമമാണെന്നും പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേര്‍ത്തു.

കോടതിയെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ സംബന്ധിച്ച് ഇന്ന് കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ ചില നിരീക്ഷണങ്ങള്‍ ജസ്റ്റിസ് അരുണ്‍ മിശ്ര നടത്തിയിരുന്നു . എല്ലാ വ്യക്തികള്‍ക്കും കോടതിയെ വിമര്‍ശിക്കുന്നതിനുള്ള അധികാരമുണ്ട്. എന്നാല്‍ അതിന് ഒരു ലക്ഷ്മണ രേഖയുണ്ട്. പ്രശാന്ത് ഭൂഷണ്‍ ആ പരിധി ലംഘിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇത്തരത്തിലെടരൊരു നടപടി ഉണ്ടായതെന്നും അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറുവര്‍ഷത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ എന്നിവര്‍ക്കെതിരേ ട്വീറ്റ് ചെയ്തതില്‍ ഭൂഷണ്‍ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. ആറുമാസംവരെ തടവോ രണ്ടായിരം രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.