അഫ്ഗാന്‍ ജയിലില്‍ ആക്രമണം നടത്തിയത് മലയാളി ഉള്‍പ്പെട്ട ഐഎസ് ഭീകര സംഘം

single-img
4 August 2020

അഫ്‌ഗാനിസ്ഥാനിലെ ജയിലിൽ ചാവേർ ആക്രമണം നടത്തിയത് മലയാളി ഉള്‍പ്പെടുന്ന ഐഎസ് ഭീകര സംഘമെന്ന് റിപ്പോർട്ട്. കാസര്‍കോട് സ്വദേശിയായ കല്ലുകെട്ടിയ പുരയിൽ ഇജാസ് ആണ് ആക്രമണം നടത്തിയതെന്നാണ് ഇന്റലിജൻസ് ഏജൻസികൾ നല്‍കുന്ന വിവരം.

ഇയാളുടെ ഭാര്യ റാഹില നിലവിൽ അഫ്ഗാൻ എജൻസികളുടെ കസ്റ്റഡിയിലാണ് ഉള്ളത്.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെ ജയിലിന് മുന്നില്‍ ഒരു കാര്‍ പൊട്ടിത്തെറിച്ചതോടെയാണ് ആക്രമണങ്ങള്‍ ആരംഭിക്കുന്നത്. ഈ സംഭവത്തിന്‌ പിന്നാലെ ഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ ഇരുപത്തൊൻപതോളം പേർ കൊല്ലപ്പെടുകയും, 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു. അന്നേ ദിവസം ഒരു രാത്രി മുഴുവന്‍ ആക്രമണം നീണ്ടു നിന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഫ്ഗാന്‍ പോലീസും സൈന്യത്തിലെ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ പത്ത് ഐഎസ് ഭീകരരെയാണ് അഫ്ഗാൻ സൈന്യം വധിച്ചത്. ഇവരില്‍ ഒരാള്‍ ഇജാസാണെന്നാണ് ‌റിപ്പോർട്ട്.