ബിസിസിഐ വനിതാ ഐപിഎല്‍ സംഘടിപ്പിക്കും: സൗരവ് ഗാംഗുലി

single-img
2 August 2020

പുരുഷന്മാരുടെ ഐപിഎല്ലിന്റെ തിയതിയും വേദിയും പ്രഖ്യാപിച്ച് അതിനുള്ള മുന്നൊരുക്കവുംനടക്കുമ്പോള്‍ വനിതകളുടെ ടൂര്‍ണമെന്റ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്തെത്തി. വനിതകള്‍ക്കായി ഈ വര്‍ഷം തന്നെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണ്. അതേപോലെ തന്നെ വനിതാ ദേശീയ ടീമിനായുള്ള പദ്ധതികളും തയ്യാറായി വരികയാണ്’-സൗരവ് ഗാംഗുലി പിടിഐയോട് പറഞ്ഞു. ഇപ്പോള്‍ കോവിഡ് സാഹചര്യം വലിയ വെല്ലുവിളിയാണ് കളിക്ക് ഉയര്‍ത്തുന്നത്. പക്ഷെ തങ്ങള്‍ വനിതാ താരങ്ങള്‍ക്കായി ഒരു ക്യാംപ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഗാംഗുലി അറിയിച്ചു.

ഇതുവരെ ബിസിസി ഐയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തിയില്ലെങ്കിലും നവംബര്‍ 1-10വരെ വനിതാ ഐപിഎല്‍ നടത്തിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അങ്ങിനെയെങ്കില്‍ വനിതാ ഐപിഎല്ലിന്റെ മൂന്നാം സീസണാണ് ഇത്തവണ നടക്കുക.

ഇതില്‍ ആദ്യ സീസണ്‍ പ്രദര്‍ശന മത്സരമായാണ് ബിസിസി ഐ സംഘടിപ്പിച്ചത്. പിന്നീട് നടന്ന സീസണില്‍ മൂന്ന് ടീമുകളെ പങ്കെടുപ്പിച്ച് നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന രീതിയില്‍ വനിതാ ഐപിഎല്‍ സംഘടിപ്പിക്കുകയായിരുന്നു. അതെ രീതി തന്നെ ഇത്തവണയും തുടര്‍ന്നേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.