രാജ്യത്ത്’ അൺലോക്ക്’ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം; മാർഗനിര്‍ദ്ദേശങ്ങള്‍ അറിയാം

single-img
29 July 2020

രാജ്യത്ത് ലോക്ക് ഡൌൺ ഇളവുകൾ നൽകുന്ന അൺലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 മുതലാണ് അൺലോക്ക് മൂന്നാം ഘട്ടം നടപ്പിൽ വരുന്നത്. ഇതനുസരിച്ചു രാത്രിയാത്രാ നിരോധനം ഒഴിവാക്കപെട്ടിട്ടുണ്ട്.

അതേപോലെ രാജ്യത്തെ യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ജിംനേഷ്യങ്ങൾക്കും ഓഗസ്റ്റ് 5 മുതൽ തുറന്നു പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങൾ അണുനശീകരണം ഉൾപ്പടെ നടത്തി എല്ലാ നിർദേശങ്ങളും പാലിച്ച ശേഷമേ തുറക്കാൻ പാടുള്ളൂ എന്നും ഉത്തരവുൽ പറയുന്നു.

ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്താം. ആഘോഷത്തിൽ പങ്കെടുക്കുന്നവർ മാസ്കുകൾ വയ്ക്കുകയും എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കുകയും വേണം. ധാരാളമായി ആളുകൾ കൂട്ടം കൂടാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദമായ മാർഗനിർദേശം കേന്ദ്രസർക്കാർ പിന്നീട് പുറത്തിറക്കും.

സ്‌കൂൾ, കോളേജ്, കോച്ചിംഗ് സ്ഥാപനങ്ങൾ ഓഗസ്റ്റ് 31 വരെ തുറക്കാൻ പാടില്ല. കേന്ദ്ര സർക്കാർ നടത്തുന്ന വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകൾ. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാനയാത്രകൾക്ക് അനുമതി നൽകിയിട്ടില്ല.

രാജ്യത്തെ മെട്രോ റെയിൽ, സിനിമാ തീയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, എന്നിവ തുറക്കാൻ പാടുള്ളതല്ല. അതുപോലെ തന്നെ പൊതുപരിപാടികൾ പാടില്ല. അൺലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ട ഇളവുകൾ കണ്ടെയ്ൻമെന്‍റ് സോണുകളിൽ ബാധകമല്ല.