പുതുലോകം പിറക്കുമോ എന്ന് ഇന്നറിയാം: കോവിഡ് വാക്‌സിൻ്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

single-img
20 July 2020

ലോകം ഉറ്റുനോക്കുകയാണ്, ലണ്ടിനിലേക്ക്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കുമ്പോൾ ലമാകചരിത്രത്തിൽ അതൊരു നാഴികക്കല്ലാകുമോ എന്നറിയുവാനുള്ള ആകാംഷയിലാണ് ലോകരാജ്യങ്ങൾ. നാലു മാസത്തിനുള്ളിൽ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ ഈ വാക്സിൻ പ്രതിരോധിക്കുമെന്നു തെളിഞ്ഞാൽ പുതിയ ലോകം അവിടെ പിറക്കും. വെെറസിനെ തടഞ്ഞു നിര്‍ത്തുവാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്ന ഈ വാക്സിനെ ലോകം വന്‍ പ്രതീക്ഷയോടെയാണ് കാണുന്നതും. 

മാസങ്ങളായി ഈ വാക്സിൻ്റെ പിന്നാലെയാണ് ഓക്സ്ഫോർഡ് സർവ്വകലാശാല. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ മുന്‍പന്തിയിലായിരുന്ന ഇവര്‍ വികസിപ്പിച്ച വാക്‌സിന്‍ നിലവില്‍ ബ്രസീലില്‍ മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസയോഗ്യമാണെങ്കില്‍ വലിയ മുന്നേറ്റാണ് ഇക്കാര്യത്തിലുള്ളത്. വാക്‌സിന്‍ പ്രാരംഭ ഘട്ടത്തില്‍ മികച്ച ഫലങ്ങള്‍ കാണിക്കുകയും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ പകരുരുകയും ചെയ്യുന്നുവെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലമാണ് ഇന്നു പുറത്തു വരുന്നത്. ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാണ് ഇതുസംബന്ധിച്ചുള്ള ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. തങ്ങളുടെ വാക്‌സിന്‍ കോവിഡില്‍ നിന്ന് ഇരട്ട സംരക്ഷണം ഉറപ്പാക്കുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍ അവകാശപ്പെടുകഴിഞ്ഞു. 

അതേ സമയം വാക്‌സിന്‍ എന്ന് വിപണയില്‍ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.  സെപ്റ്റംബറോടെ വിപണിയില്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നിലവിൽ നടത്തിവരുന്നതെന്നാണ് അറിയുവാൻ കഴിയുന്നത്. 

വാക്‌സിന്‍ പരീക്ഷണത്തിനു വിധേയരായവരുടെ രക്ത പരിശോധനയില്‍ കോവിഡിനെതിരായ ആന്റിബോഡികളും വൈറസുകളെ നശിപ്പിക്കുന്ന ടി-സെല്ലുകളും കണ്ടെത്തിയതായി മുതിര്‍ന്ന ശാസ്ത്രജ്ഞരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറോടെ വാക്‌സിന്‍ പുറത്തിറക്കുന്നതില്‍ വ്യക്തതയാവുമെന്നാണ് സൂചന.

വാക്‌സിന്‍ മൂലം രക്തത്തില്‍ രൂപപ്പെടുന്ന ആൻ്റിബോഡികള്‍ എത്രകാലം നിലനില്‍ക്കുമെന്ന് വ്യക്തമായിട്ടില്ല.  ഇവ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രതിരോധശേഷി നല്‍കുമോയെന്ന് പറയാറായിട്ടില്ല. പ്രമുഖ ഔഷധ കമ്പനിയായ അസ്ട്രസെനക്കയുമായി ചേര്‍ന്ന് മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തിൻ്റെ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് നേരത്തേ ‘ലാന്‍സെറ്റ്’ മെഡിക്കല്‍ ജേണല്‍ അറിയിച്ചിരുന്നു. സിഎച്ച്എഡി ഓക്‌സ്1 എന്‍കോവ്-19 എന്നാണ് വാക്‌സിനു പേരിട്ടിരിക്കുന്നത്.

വാക്‌സിൻ കണ്ടെത്തി കഴിഞ്ഞാൽ ലോകമാകെ കോവിഡ് രുന്നിൻ്റെ ന്യായമായ വിതരണം വാക്‌സിൻ വികസിപ്പിച്ച രാജ്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. സ്‌പെയിൻ, ന്യൂസിലാന്റ്,ദക്ഷിണ കൊറിയ,എത്യോപ്യ, കാനഡ മുതലായ രാജ്യങ്ങളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.  കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ ഇക്കാര്യം ട്വിറ്ററിലൂടെയും ആവശ്യപ്പെടുകയും ചെയ്തിരുന്നു.