സ്മൃതി മന്ദാനയ്ക്ക് 24ാം പിറന്നാള്‍; സ്മൃതിയെ പറ്റി കൂടുതല്‍ അറിയാം

single-img
18 July 2020

ഇന്ത്യയുടെ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും ബാറ്റിങ് സെന്‍സേഷനായ സ്മൃതി മന്ദാനയ്ക്ക് ഇന്നു 24ാം പിറന്നാള്‍ ആണ്. മികച്ച പ്രകടനങ്ങളിലൂടെ ടീമിന്റെ ഓപ്പണര്‍ കൂടിയായ സ്മൃതി ഇതിനകം ആരാധകരുടെ മനം കവര്‍ന്നു കഴിഞ്ഞു. 20- 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ മികച്ച റണ്‍വേട്ടക്കാരിയായി താരം മാറിയിട്ടുണ്ട്. അതിനു പുറമേ ഏകദിനത്തില്‍ രാജ്യത്തെ അഞ്ചാമത്തെ ടോപ്‌സ്‌കോറര്‍ കൂടിയാണ് സ്മൃതി.

കേവലം 16ാം വയസ്സിലാണ് താരം ഇന്ത്യക്കു വേണ്ടി ആദ്യമായി കളിക്കാന്‍ ഇറങ്ങുന്നത് . അന്ന്ബംഗ്ലാദേശിനെതിരേയായിരുന്നു സ്മൃതിയുടെ അരങ്ങേറ്റ മല്‍സരം നടന്നത്. അതിന് ശേഷം ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുടെ നിരയിലേക്ക് സ്മൃതി കയറുന്നതാണ് കണ്ടത്.

മഹാരാഷ്ട്രയുടെ ടീമില്‍ അണ്ടര്‍ 19 ടൂര്‍ണമെന്റുകളില്‍ കളിച്ചിരുന്ന സഹോദരന്‍ ശ്രാവണില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്മൃതിയും ക്രിക്കറ്റിനോടു കൂട്ടുകൂടിയത്. സ്മൃതിയുടെ അച്ഛനും ജില്ലാ തലത്തില്‍ കളിച്ചിരുന്ന ക്രിക്കറ്ററായിരുന്നു. മഹാരാഷ്ട്രക്ക് വേണ്ടി അണ്ടര്‍ 15 ടീമിനായി കളിച്ചുകൊണ്ടായിരുന്നു ഒന്‍പതാം വയസില്‍ സ്മൃതി ക്രിക്കറ്റിലേക്കു ചുവടുവയ്ക്കുന്നത്.

വനിതകളുടെ ഏകദിന മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതാ ക്രിക്കറ്ററാണ് സ്മൃതി. ഇത് പക്ഷെ ടീമിനു വേണ്ടിയായിരുന്നില്ല, മഹാരാഷ്ട്രയ്ക്കു വേണ്ടിയായിരുന്നു എന്ന് മാത്രം. 2013ല നടന്ന അണ്ടര്‍ 19 വെസ്റ്റ് സോണ്‍ ടൂര്‍ണമെന്റില്‍ ഗുജറാത്തിനെതിരേയാണ് താരം 150 പന്തില്‍ 224 റണ്‍സ് നേടിയത്. 20- 20 ക്രിക്കറ്റില്‍ ഇന്ത്യയെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ കൂടിയാണ് സ്മൃതി.

കേവലം 22 വയസ്സും 229 ദിവസവും പ്രായമുള്ളപ്പോഴാണ് സ്മൃതി ഇന്ത്യയുടെ ക്യാപ്റ്റനായത്. 2019ല്‍ അന്ന് ക്യാപ്റ്റനായിരുന്ന ഹര്‍മന്‍പ്രീത് കൗറിന് പരിക്കേറ്റതോടെയാണ് ഇംഗ്ലണ്ടിനെതിരായ ടി20യില്‍ സ്മൃതിക്കു ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചത്.

അതേപോലെ തന്നെ ടി20യില്‍ ഇന്ത്യക്കായി അരങ്ങേറിയ പ്രായം കുറഞ്ഞ നാലാമത്തെ വനിതാ താം കൂടിയാണ് സ്മൃതി. 16 വയസ് ഉള്ളപ്പോഴാണ് ബംഗ്ലാദേശിനെതിരേ അരങ്ങേറ്റ മല്‍സരം സ്മൃതി കളിച്ചത്. സമാനമായി ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി നേടിയ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് സ്മൃതി.

2019ല ന്യൂസിലാന്‍ഡിനെതിരായ ടി20യിലാണ് 24 പന്തുകളില്‍ സ്മൃതി ഫിഫ്റ്റി നേടുന്നത്. 2മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിനു ശേഷം ബിഗ് ബാഷ് ലീഗില്‍ അവസരം ലഭിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സ്മൃതി. ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ 2018ല്‍ ഐസിസിയുടെ വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു സ്മൃതി അവകാശിയായിരുന്നു.