പ്രധാനമന്ത്രി ഇന്നു രാജ്യത്തെ അഭിസംബോധന ചെയ്യും: നിർണ്ണായക പ്രഖ്യാനങ്ങൾക്കു സാധ്യത

single-img
30 June 2020

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ അൺലോക്ക് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാർ​ഗനിർദേശങ്ങൾ കേന്ദ്രസർക്കാർ ഇന്നലെ പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് വൈകീട്ട് നാലുമണിക്ക് മോദി രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നത്. 

 സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചനകൾ. അൺലോക്ക് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. സ്‌കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്ററുകൾ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ലെന്നും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടാവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്ന വിമാനങ്ങൾക്ക് പറക്കാം. മെട്രോ തീവണ്ടി സർവീസുകളും ഉണ്ടാവില്ല. സിനിമാ തീയേറ്ററുകൾ, ജിംനേഷ്യങ്ങൾ, സ്വിമ്മിങ് പൂളുകൾ, എൻ്റർടെയ്ൻമെൻ്റ് പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയും തുറക്കില്ല. സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, മത ചടങ്ങുകളും കൂട്ടായ്മകളും അനുവദിക്കില്ല. 

നിലവിൽ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സർവീസുകളും തീവണ്ടി സർവീസുകളും ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.