സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരായ പ്രതിഷേധം; മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

single-img
22 June 2020

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയ സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പ്രതിഷേധവുമായി എത്തി ജോലി തടസപ്പെടുത്തിയ കേസില്‍ തണ്ടോറപ്പാറ സ്വദേശികളായ സിദ്ദിഖ് വളയംപറമ്പില്‍ (46), റാഷിദ് കിഴക്കോത്ത് (27), പേരാമ്പ്രക്കുന്നുമ്മല്‍ സൂരജ് (33) എന്നവരെയാണ് പെരുവണ്ണാമൂഴി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീഷ് ജോലിചെയ്യുന്ന കൂത്താളി പ്രാഥമികാരോ​ഗ്യകേന്ദ്രത്തിലേക്ക് മാ‍ർച്ച് നടത്തുകയും ആരോ​ഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.

ഡി സി സി സെക്രട്ടറിയായ മുനീർ എരവത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് രാജൻ മരുതേരി അടക്കമുള്ളവർക്കെതിരെയായിരുന്നു കേസെടുത്തത്. ആക്രമണത്തെ തുടർന്ന് കൂത്താളി പി എച്ച് സി മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്.