ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്: ഈ വർഷം രഞ്ജിയിൽ കളിക്കും

single-img
18 June 2020

ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ടുകൾ. ശ്രീശാന്ത് ഈ വര്‍ഷം കേരള ടീമില്‍ കളിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. സെപ്റ്റംബറില്‍ വിലക്ക് തീര്‍ന്നാല്‍ കേരള ടീം ക്യാമ്പിലേക്ക് ശ്രീശാന്തിനെ വിളിക്കുമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ പറഞ്ഞു. 

ശ്രീശാന്തിന്റെ തിരിച്ചുവരവ് ടീമിന് നേട്ടമാണ്.ശാരീരിക ക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന ഏക കടമ്പയെന്നും കെസിഎ സെക്രട്ടറി പറഞ്ഞു. സമ്പൂര്‍ണ കായികക്ഷമതയോടെ സെപ്റ്റംബര്‍ മുതല്‍ കേരളത്തിനായി ഏകദിന മത്സരങ്ങള്‍ കളിച്ചു തുടങ്ങണമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. മികച്ച പ്രകടനം നടത്താമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ശ്രീ പറഞ്ഞു.

2013ലെ ഐപിഎൽ വാതുവയ്പിന്റെ പശ്ചാത്തലത്തിൽ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബുഡ്സ്മാൻ വിലക്ക് ഏഴു വർഷമായി കുറയ്ക്കുകയായിരുന്നു.