ഇന്ത്യൻ പൗരനെ നേപ്പാൾ പൊലീസ് അതിർത്തിക്കപ്പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി: അതിർത്തി മുറിച്ചു കടന്നുവെന്ന് ‘കുറ്റസമ്മതം’ നടത്താൻ ആവശ്യപ്പെട്ടു

single-img
14 June 2020

ഇന്ത്യ- നേപ്പാൾ ബന്ധം വഷളാകുന്നു. ഇന്ത്യൻ പൗരനെ നേപ്പാൾ അതിർത്തിക്ക് അപ്പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം അതിർത്തി മുറിച്ച് കടന്നുവെന്ന് ‘കുറ്റസമ്മതം’ നടത്താൻ ഇന്ത്യക്കാരനെ നേപ്പാൾ പൊലീസ്  നിർബന്ധിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ബീഹാറിലെ സീതാമർഹി ജില്ലയിലെ ഇന്തോ-നേപ്പാൾ അതിർത്തിയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. 

ഈ പ്രദേശത്ത് നേപ്പാൾ സായുധ പൊലീസ് സേന നടത്തിയ വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ഒരു കർഷകൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വെടിവെപ്പിന് ശേഷമാണ് ലഗൻ കിഷോർ എന്ന് പേരുള്ള ഇന്ത്യക്കാരെ സേന അതിർത്തി കടത്തി കൊണ്ടുപോയത്. ഇദ്ദേഹത്തെ ഒരു സേനാംഗം തോക്കിൻ്റെ പാത്തി വച്ച് മർദ്ദിച്ചതായും അതിർത്തി മുറിച്ച് കടന്നതായി പറയണമെന്ന് പറഞ്ഞതായും ലഗൻ കിഷോർ വ്യക്തമാക്കി.

നേപ്പാളിൽ വച്ചാണ് ലഗനെ പിടികൂടിയതെന്ന് പറയണമെന്നും ഇവർ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ താൻ അത് ഒരിക്കലും സമ്മതിക്കില്ലെന്നും വേണമെങ്കിൽ തന്നെ കൊല്ലാം എന്നും ലഗൻ കിഷോർ ഇതിനു മറുപടി നൽകുകയായിരുന്നു.  തന്നെ ബലമായി അതിർത്തി കടത്തി കൊണ്ടുവന്നത് തന്നെയാണെന്ന് പറയുമെന്നും അദ്ദേഹം നേപ്പാൾ സായുധ പൊലീസ് സേനയെ അറിയിക്കുകയും ചെയ്തതായാണ് വിവരം. 

അതിർത്തി കടന്നെത്തിയ സേനാംഗങ്ങൾ ആകാശത്തേക്ക് വെടിവച്ചുവെന്നും തൻ്റെ മകനെയും ഉപദ്രവിച്ചുവെന്നും തിരിച്ചെത്തിയ ലഗൻ പറയുന്നു. മരുമകളെ കാണാനായി ലഗനും അദ്ദേഹത്തിന്റെ മകനും എത്തിയപ്പോഴാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. 

നേപ്പാൾ ഇന്ത്യൻ പ്രദേശങ്ങൾ കൂടി തങ്ങളുടെ ഭൂപടത്തിൽ ഉൾപ്പെടുത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുകയാണ്.