കമ്മ്യൂണിസ്റ്റ് ക്യൂബ പറന്നിറങ്ങി, കുവെെത്തിനെ കോവിഡിൽ നിന്നും രക്ഷിക്കാൻ: ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന മൂന്നൂറോളം ക്യൂബൻ മെഡിക്കൽ സംഘമെത്തി

single-img
7 June 2020

ക്യുബയിൽ നിന്നും മുന്നൂറോളം ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘം കുവെെത്തിലെത്തി. ജൂൺ 5 വെള്ളിയാഴ്ച വൈകുന്നേരമാണ് ക്യൂബൻ സംഘം കുവെെത്തിൽ എത്തിയത്. കൊറോണ വൈറസ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ക്യൂബൻ ആരോഗ്യ സംഘം അടുത്ത ആറുമാസത്തേക്ക് കുവെെത്ത് തീവ്രപരിചരണത്തിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

കുവെെത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ സാങ്കേതിക കാര്യങ്ങളുടെ ചുമതലയുള്ള  അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുൾ റഹ്മാൻ അൽ മുത്തൈരി ക്യൂബൻ സംഘത്തിൻ്റെ വരവ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടത്. കുവെെത്തിലെത്തിയ സംഘത്തെ വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ ബസുകൾ വഴി വൈറസ് പരിശോധനയ്ക്കായി മാറ്റിയതായി അദ്ദേഹം വ്യക്തമാക്കി. 

ക്യൂബൻ മെഡിക്കൽ സംഘം ഇതിനുമുമ്പ് നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും ആ രാജ്യങ്ങളിൽ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമായിരുന്നെന്നും അബ്ദുൾ റഹ്മാൻ അൽ മുത്തൈരി വ്യക്തമാക്കി. അതുകൊണ്ടുതന്നെ സംഘത്തിൻ്റെ അനുഭവങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിനായി ക്യൂബയുമായി കുവെെത്ത് ധാരണാപത്രം ഒപ്പിടുകയായിരുന്നു. ക്യൂബൻ സംഘത്തിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രത്യേക വിസ നൽകിയിട്ടുള്ള ആറ് മാസത്തേക്ക് ടീം രാജ്യത്തുണ്ടാകുമെന്നും അൽ മുത്തൈരി വ്യക്തമാക്കി.