പ്രകാശ് ബാബുവിന്റെ മകന്റെ കേസ്; മൌനം തുടർന്ന് സിപിഐ

single-img
5 June 2020

സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ മകന്റെ പേരിലുള്ള കഞ്ചാവ് കേസ് ഒതുക്കിത്തീർക്കാൻ ഉന്നതസ്വാധീനം ഉപയോഗിച്ചെന്ന ആരോപണത്തിൽ അണികൾക്കിടയിൽ അമർഷം പുകയുമ്പോഴും നേതാക്കൾ മൌനം തുടരുകയാണ്.

പ്രകാശ് ബാബുവിന്റെ മകനായ കൃഷ്ണപ്രശോഭ് പ്രതിയായ കഞ്ചാവ് കേസിൽ അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. ലോക്ക്ഡൌൺ കാലത്ത് നടന്ന സംഭവത്തിൽ ലോക്ക്ഡൌൺ ലംഘനം ഉണ്ടായിട്ടും ഇക്കാര്യം അറിയിച്ച് ലോക്കൽ പൊലീസിന് കേസ് കൈമാറാൻ എക്സൈസ് വകുപ്പ് തയ്യാറായിരുന്നില്ല. ഇവാർത്തയാണ് ഈ സംഭവം ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് പല പ്രമുഖ മാധ്യമങ്ങളും ഇത് വാർത്തയാക്കിയെങ്കിലും സിപിഐ നേതൃത്വം മൌനം തുടരുകയാണ്.

പരിശുദ്ധമായ രാഷ്ട്രീയ വ്യക്തിജീവിതങ്ങൾക്ക് മാതൃകയായിരുന്ന എൻ ഇ ബാലറാം, സി ഉണ്ണിരാജ, വെളിയം ഭാർഗവൻ, പികെ വാസുദേവൻ നായർ, വിവി രാഘവൻ എന്നിങ്ങനെ നിരവധി നേതാക്കന്മാരുടെ പൈതൃകമുള്ള ഒരു പാർട്ടിയുടെ ഉന്നതനേതാവ് തന്റെ സംഘപരിവാർ അനുഭാവിയായ മകനെ കഞ്ചാവ് കേസിൽ രക്ഷിക്കാൻബ ഉന്നത സ്വാധീനം ഉപയോഗിച്ചുവെന്നത് സിപിഐയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങളായ സി ദിവാകരൻ, പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മയിൽ, ബിനോയ് വിശ്വം തുടങ്ങിയ പ്രമുഖ നേതാക്കളോ ഇക്കാര്യത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കൊല്ലം ജില്ലയിൽ നടന്ന വിഷയമായിട്ടും സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായ മുല്ലക്കര രത്നാകരനും ഈ വിഷയത്തിൽ മൌനം തുടരുകയാണ്. കൊല്ലം ജില്ലയിലെ കോൺഗ്രസ് നേതാവായ ബിന്ദുകൃഷ്ണ മാത്രമാണ് ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ ഇതുവരെയും തയ്യാറായത്. കൃഷ്ണപ്രശോഭിന്റെ സംഘപരിവാർ അനുഭാവമാകാം ബിജെപി നേതാക്കളെ ഈ വിഷയത്തിൽ മൌനികളാക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

കോടിയേരി ബാലകൃഷ്ണന്റെ മകന്റേതടക്കമുള്ള വിഷയങ്ങൾ പ്രൈം ടൈമിൽ ചർച്ച ചെയ്ത മുഖ്യധാരാ മാധ്യമങ്ങൾ സിപിഐയിലെ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നേതാവിന്റെ മകന്റെ കേസിൽ തുടരുന്ന മൌനം സംശയാസ്പദമാണ്. ചില മാധ്യമങ്ങളുടെ പ്രാദേശിക ലേഖകരെ പ്രകാശ് ബാബുവിന്റെ അടുപ്പക്കാർ വഴി സ്വാധീനിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവാർത്തയെ അടക്കം സ്വാധീനിക്കാനും ചില ശ്രമങ്ങൾ നടന്നിരുന്നു. പാർട്ടി പത്രത്തിന്റെ ചുമതലയുള്ള ഒരു റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥനും മാധ്യമങ്ങളെ സ്വാധീനിക്കാൻ രംഗത്തിറങ്ങിയിരുന്നു.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ മകൻ കൃഷ്ണപ്രശോഭ് അടക്കം അഞ്ച് പേരെ ഏപ്രിൽ മാസം 4-നാണ് കുന്നിക്കോട് എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്ജ് കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തത്. ഏപ്രിൽ നാലാം തീയതി വൈകുന്നേരം ആറുമണിയ്ക്ക് പത്തനാപുരം തലവൂരിനടുത്ത് കുന്നിക്കോട്-കുര റോഡിൽ നിന്നും ഞാറയ്ക്കാട് ഏലായിലേയ്ക്ക് പോകുന്ന ഇടവഴിയിൽ നിന്നാണ് കുന്നിക്കോട് റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം 2 ഗ്രാം കഞ്ചാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. അതിനാൽ NDPS( Narcotic Drugs and Psychotropic Substances Act) -ലെ ജാമ്യം ലഭിക്കാവുന്ന 27(b) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ ഈ അഞ്ചംഗ സംഘത്തിന്റെ കയ്യിൽ കൂടിയ അളവിൽ കഞ്ചാവ് ഉണ്ടായിരുന്നതായി ആരോപണങ്ങളുണ്ട്. ഇക്കാര്യം പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ്. രണ്ട് ഗ്രാം കഞ്ചാവും അത് വലിക്കാനുള്ള ബോങും മാത്രമാണ് പിടിച്ചെടുത്തതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വാദം.