ഉത്രയുടെ മരണം സംബന്ധിച്ച് വീട്ടുകാർക്ക് സൂരജിനു മേൽ സംശയം ബലപ്പെടുത്തിയത് സൂരജിൻ്റെ ഈ ഒരു പ്രസ്താവന

single-img
26 May 2020

ഭർതൃവസതിയിൽ വച്ചു പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായതിനുശേഷം രക്ഷപ്പെട്ട യുവതി ഒരു മാസത്തിനുശേഷം സ്വവസതിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവായ സൂരജിനു മേൽ യുവതിയുടെ വീട്ടുകാർക്ക് സംശയമുണ്ടാക്കിയത് സൂരജിൻ്റെ തന്നെ ഒരു പ്രസ്താവന. മരണം നടന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇനി സ്വത്തിന് കുഞ്ഞുമാത്രമാണല്ലോ അവകാശി (ഒന്നര വയസുളള ധ്രുവ് ) എന്ന് ഉത്രയുടെ വീട്ടുകാരോട് പറഞ്ഞതാണ് സംശയം ബലപ്പെടുവാനുള്ള കാരണമെന്നാണ് ഉത്തരയുടെ ബന്ധുക്കൾ പറയുന്നത്. 

ഉത്രയുടെ മരണം നടക്കുന്ന രാത്രി പതിവില്ലാതെ പലതവണ സൂരജ് കിടപ്പ് മുറിയിൽ നിന്ന് പുറത്തുവന്നിരുന്നതായും ഉത്രയുടെ മാതാപിതാക്കൾ പറയുന്നു. ഓരോതവണ പുറത്തുവരുമ്പോഴും തിരിച്ചു കയറുമ്പോഴും അയാൾ  പരിഭ്രാന്തനായിരുന്നു. വളരെ വൈകിമാത്രം ഉറങ്ങാറുള്ള ഉത്രയുടെ മാതാപിതാക്കൾ ഇതു കാണുന്നുണ്ടായിരുന്ന കാര്യം സൂരജ് ശ്രദ്ധിച്ചിരുന്നില്ല. മരണത്തിൽ സംശയമുടലെടുത്തതോടെ ഇക്കാര്യങ്ങൾ ഇത്രയുടെ മാതാപിതാക്കൾ പൊലീസിനോടു പറയുകയായിരുന്നു. 

അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ വിജയസേനൻ- മണിമേഖല ദമ്പതികളുടെ മകൾ ഉത്രയെ (25) കൊലപ്പെടുത്തിയെന്ന കുറ്റംചുമത്തി ഭർത്താവ് അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ് (27), സഹായി ചാത്തന്നൂർ കല്ലുവാതുക്കൽ സ്വദേശി സുരേഷ് (പാമ്പ് സുരേഷ്-42) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സുരേഷിൽ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. 

ശനിയാഴ്ച വൈകിട്ട് സൂരജിനെ അടൂരിലെ വീടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.സ്വന്തം വീട്ടിൽ സൂരജിനെ ഒറ്റയ്ക്കും ഉത്രയുടെ വീട്ടിൽ കൂട്ടുപ്രതി​ സുരേഷിനൊപ്പവും കൊണ്ടുവന്ന് തെളിവെടുത്തു.