രാഷ്ട്രീയക്കാരനായ മുന്‍ ചീഫ് ജസ്റ്റിസിനെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിച്ചിരിക്കുന്നു; പരിഹാസവുമായി മഹുവ മൊയിത്ര

single-img
6 May 2020

സുപ്രീം കോടതിയിലെ മുൻ ചീഫ് ജസ്റ്റിസും ഇപ്പോഴത്തെ രാജ്യസഭാ എംപിയുമായ രഞ്ജന്‍ ഗൊഗോയിയെ പരിഹസിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര. ഒരു പരിപാടിയിൽ ജുഡീഷ്യല്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടത്താന്‍ ഗൊഗോയിയെ ക്ഷണിച്ചതിലുള്ള പരിഹാസമാണ് മഹുവ മൊയ്ത്ര ട്വിറ്ററിലൂടെ അറിയിച്ചത്.

ഇപ്പോൾ പൂർണ്ണ രാഷ്ട്രീയക്കാരനായ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ നിയോഗിച്ചിരിക്കുന്നു എന്നായിരുന്നു മഹുവ മൊയിത്ര പരിഹാസമായി ട്വീറ്റ് ചെയ്തത്. മാത്രമല്ല, ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്ന അദ്ദേഹം ‘നിയമവും ലൈംഗിതാതിക്രമവും’ എന്ന വിഷയത്തിലാവും അടുത്ത പ്രാവശ്യം സംസാരിക്കുക എന്നും മൊയിത്ര പരിഹസിച്ചു.

കാന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഭരണഘടനക്കനുസൃതമായ സ്വതന്ത്ര ജുഡീഷ്യറിയെക്കുറിച്ച് സംസാരിക്കാന്‍ ഗൊഗോയിയെ ക്ഷണിച്ചത്. രണ്ടു വര്‍ഷം മുൻപ് ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായ യുവതി ആ സമയം ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു.

പരാതി നൽകിയതിനെ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി തൊട്ടുപിന്നാലെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. പിന്നീട് കോടതി തന്നെ പരാതി തള്ളുകയും സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍ക്കുയുമായിരുന്നു.