കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കൊവിഡ് ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിക്കും

single-img
28 April 2020

കേരളത്തിൽ കോട്ടയം ഇടുക്കി ജില്ലകളിൽ കൂടുതൽ ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിക്കാൻ സാധ്യത. നാലുദിവസം കൊണ്ട് 17 പേര്‍ക്കാണ് ഇവിടെ കോവിഡ്-19 സ്ഥിരീകരിച്ചത് ഇതോടെ ജില്ലകൾ ഗ്രീന്‍ സോണില്‍നിന്നും റെഡ് സോണിലേക്ക് മാറുകയായിരുന്നു. പ്രദേശത്ത് രോഗം അതിവേഗം പടരാനുള്ള സധായത കണക്കിലെടുത്താണ് ആരോഗ്യ വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചിക്കുന്നത്.

കോട്ടയത്ത് വിജയപുരം, മണര്‍കാട്, അയര്‍ക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂര്‍, തലയോലപ്പറമ്ബ്, മേലുകാവ് ഗ്രാമപഞ്ചായത്തുകളിലും കോട്ടയം മുനിസിപ്പാലിറ്റിയിലെ 2,16,18, 20. 29 വാര്‍ഡുകളും ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 22-ാം വാര്‍ഡും ഇപ്പോള്‍ ഹോട്സ്പോട്ടിലാണ്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, ഇരട്ടയാര്‍, ചക്കുപള്ളം പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും ഹോട്ട്സ്പോട്ടിലാണ്.

കോട്ടയം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലേക്കുള്ള വഴികളില്‍ പരിശോധന ശക്തമാക്കി. കോട്ടയത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. ഈ ജില്ലകളിലേക്കുള്ള ഇടവഴികള്‍ പോലും അടച്ചുകഴിഞ്ഞു.

പൊലീസ് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ഇടവഴികളിലൂടെ അയല്‍ ജില്ലകളിലേക്ക് പോവുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഊടുവഴികള്‍ അടയ്ക്കാന്‍ പൊലീസ് തയാറായത്. ഇടുക്കി ജില്ലകളിലും ഊടുവഴികള്‍ അടച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നും ആളുകള്‍ എത്താതിരിക്കുന്നതായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. വനത്തിനുള്ളിലൂടെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തമിഴ്നാട്ടില്‍ നിന്നും എത്തുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.