കോവിഡ് ഭേദമായാലും ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ടുകളും റിസ്‌ക് ഫ്രീ സര്‍ട്ടിഫിക്കറ്റുകളും നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന; കാരണം ഇതാണ്

single-img
25 April 2020

ഒരിക്കൽ കോവിഡ് വൈറസ് മുക്തരായവര്‍ക്ക് വീണ്ടും രോഗം വരില്ലെന്ന് ഉറപ്പില്ലെന്ന് ലോകാരോഗ്യ സംഘടന. രോഗം ഭേദമായാലും ആന്റിബോഡികള്‍ അവര്‍ക്ക് വീണ്ടും സംരക്ഷണം നല്‍കുമെന്ന് ഉറപ്പില്ലെന്നാണ് സംഘടന വ്യക്തമാക്കുന്നത്.

നിലവിൽ കൊറോണ ഭേദമായ ആളുടെ ശരീരത്തില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉള്ളതിനാല്‍ ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് നല്‍കണമെന്ന് ചില രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്ത് വന്നത്. ഒരിക്കൽ രോഗം ഭേദമായാലും ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ടുകളും റിസ്‌ക് ഫ്രീ സര്‍ട്ടിഫിക്കറ്റുകളും നല്‍കരുതെന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു.

രോഗ വിമുക്തരായവർക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഹെല്‍ത്ത് പാസ്‌പോര്‍ട്ടുകള്‍ ഇഷ്യൂ ചെയ്യുമെന്ന് ചിലി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. എന്നാൽ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍നിന്ന് രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ആവശ്യം. നിലവിൽ കൊറോണ വൈറസിന്റെ ആന്റിബോഡി പ്രതികരണം ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം വിലയിരുത്തി വരികയാണ്.