ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് മടുത്തു; ഒടുവിൽ ബോറടി മാറ്റാൻ കോടീശ്വരന്‍ ഡെലിവറി ജോലി സ്വീകരിച്ചു

single-img
20 April 2020

ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ ഡെലിവറി ജോലി സ്വീകരിച്ച് റഷ്യൻ കോടീശ്വരൻ. റഷ്യയിലെ ബിസിനസുകാരനായ സെർജി നോചോവ്നിയാണ് തന്റെ മടുപ്പ് മാറ്റാനായി ഡെലിവറി ജോലി ചെയ്യാന്‍ തീരുമാനിച്ചത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ റഷ്യയുടെ തലസ്ഥനാമായ മോസ്കോയിൽ നിയന്ത്രണം തുടരുകയാണ്.

നിലവില്‍ വീട്ടിലിരുന്നാണ് ആളുകള്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഡെലിവറി ജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണങ്ങളില്‍ ചില ഇളവുകളുണ്ട്. ഭക്ഷണ സാധനങ്ങള്‍ ആളുകളില്‍ എത്തിക്കാനായി ഇവര്‍ക്ക് നഗരത്തിൽ സഞ്ചരിക്കാം. ഈ കാരണത്താലാണ് 38കാരനായ സെർജി ഒരു ഡെലിവറി സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി വാങ്ങിയത്.

താന്‍ ഇപ്പോള്‍ ആഹാരസാധനങ്ങളുമായി ദിവസവും 20 കിലോമീറ്ററോളം നടക്കാനാകുന്നുണ്ടെന്ന് സെർജി പറയുന്നു. മാത്രമല്ല, ഈ ജോലി ചെയ്യുന്നതിലൂടെ 1000 മുതൽ 1500 റൂബിൾസ് വരെ വരുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷം ചൈനയിൽ ജീവിച്ച ശേഷം കഴിഞ്ഞ വർഷമാണ് സെർജി റഷ്യയിലേക്ക് തിരിച്ചെത്തിയത്. ഇദ്ദേഹം മോസ്കോ നഗരത്തിൽ ഒരു കൺസൾട്ടിങ് സ്ഥാപനം നടത്തുകയാണ്.

ഏകദേശം15 കോടിക്ക് മുകളിലാണ് സെർജിയുടെ ഒരുവര്‍ഷത്തെ വരുമാനം. റഷ്യയില്‍ ലോക്ക്ഡൗണ്‍ മാറുന്നത് വരെ ഡെലിവറി ബോയ് ആയി തുടരാനാണ് സെർജിയുടെ തീരുമാനം. ശരീരം പൂര്‍ണ്ണമായി പ്രവർത്തനക്ഷമമായിരിക്കാനും ജീവിതത്തെ പുതിയ തലത്തിലൂടെ കാണാനും ഇതിലൂടെ സാധിക്കുമെന്നാണ് സെര്‍ജി പറയുന്നത്.