പൃഥ്വിരാജുമായി മുന്‍പ് വലിയ അടുപ്പം ഉണ്ടായിരുന്നില്ല; ഇപ്പോള്‍‌ അത് സംഭവിച്ചതില്‍ സന്തോഷമുണ്ട്: ദുൽഖർ

single-img
19 April 2020

പൃഥ്വിരാജുമായി തനിക്ക് കൂടുതല്‍ അടുപ്പമുണ്ടാകുന്നത് ഇപ്പോഴാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. കൊറോണയെ തുടർന്നുള്ള ലോക്ക് ഡൗണ്‍ മൂലം ചിത്രീകരണത്തിനിടെ ജോര്‍ദ്ദാനില്‍ കുടുങ്ങിയ പൃഥ്വിയെ ഒന്നോ രണ്ടോ ദിവസം കൂടുമ്പോള്‍ ബന്ധപ്പെടാറുണ്ടെന്നും ആടുജീവിതം സിനിമാസംഘത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ വിഷമമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

“പൃഥ്വിരാജുമായി സാധിയ്ക്കുമ്പോഴെല്ലാം കോണ്ടാക്റ്റ് ചെയ്യാറുണ്ട്. അവർ അവിടെ കുടുങ്ങി എന്നത് ശരിക്കും വിഷമമുണ്ടാക്കുന്ന സംഗതിയാണ്. കഴിഞ്ഞ മൂന്നാഴ്‌‍ചയായി ഷൂട്ടിംഗ് നടക്കുന്നില്ല. എന്ന് തിരിച്ചെത്താനാവും എന്ന കാര്യത്തിലും വ്യക്തതയില്ല. അവര്‍ക്ക് നിലവിൽ അസുഖങ്ങളൊന്നുമില്ല. ശാരീരികമായി വലിയ അധ്വാനം വേണ്ട സിനിമയാണ് ആടുജീവിതം. ആറ് മാസമായി പൃഥ്വി ഈ സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ഇതിനായി പട്ടിണി കിടന്ന് ശരീരഭാരമുള്‍പ്പെടെ കുറച്ചു.

ഇതിനെല്ലാം ശേഷം ഷൂട്ടിംഗ് ആരംഭിക്കുമ്പോഴാണ് ഈ അവസ്ഥ എന്നത് നിര്‍ഭാഗ്യകരമാണ് എന്ന് ചലച്ചിത്ര നിരൂപകന്‍ രാജീവ് മസന്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ദുല്‍ഖര്‍ പറഞ്ഞു. അതേപോലെ തന്നെ മുന്‍പ് വലിയ അടുപ്പം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍‌ അത് സംഭവിച്ചതില്‍ സന്തോഷമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

“ഞങ്ങൾ ഇരുവരും വര്‍ക്കുകളെക്കുറിച്ച് പരസ്പരം സംസാരിക്കുന്ന ആളുകളൊന്നുമായിരുന്നില്ല അതുപോലുള്ള ഒരു ബന്ധത്തിന് ഇത്രയും കാലമെടുത്തത് എന്തുകൊണ്ടെന്നും അറിയില്ല. എന്നാൽ ഇപ്പോള്‍ അത് സംഭവിച്ചതില്‍ സന്തോഷമുണ്ട്.” ഒന്നോ രണ്ടോ ദിവസത്തിന്റെ ഇടവേളയിൽ പൃഥ്വിക്ക് മെസേജ് അയക്കാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.