കൊറോണ പ്രതിരോധ നടപടികള്‍; ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

single-img
14 April 2020

കൊറോണ വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ കര്‍ശനമായ നടപടികളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയതായി പ്രഖ്യാപിച്ച പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം. “കൃത്യമായ ഫലത്തെ കുറിച്ച് ഇപ്പോള്‍ സംഖ്യകളില്‍ പറയാറായിട്ടില്ല.

പക്ഷെ ഫലപ്രദമായ സാമൂഹിക അകലം പാലിക്കല്‍, രോഗബാധയുടെ കണ്ടെത്തല്‍, ഐസൊലേഷന്‍, സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ തുടങ്ങിയ നടപടികള്‍ക്കായി ആറാഴ്ചത്തെ ദേശവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് വൈറസ് ബാധയെ തടയുന്നതിന് വലിയരീതിയില്‍ സഹായകമാകും”- ലോകാരോഗ്യ സംഘടനയുടെ സൗത്ത്-ഈസ്റ്റ് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു.

വലിയ വെല്ലുവിളികള്‍ക്കിടയിലും, പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ അചഞ്ചലമായ പ്രതിബദ്ധതയാണ് പ്രകടിപ്പിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ പരീക്ഷണ സമയങ്ങളില്‍, അധികൃതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ളതുപോലെ തന്നെ സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്.കൊറോണ വൈറസിനെ പൊരുതി തോല്‍പ്പിക്കാന്‍ ഓരോരുത്തരും അവനവനാല്‍ കഴിയുന്നതിന്റെ പരമാവധി ശ്രമിക്കേണ്ട സമയമാണ് ഇതെന്നും ഡോ. സിംഗ് പറഞ്ഞു.