കൊറോണ പ്രതിസന്ധി ഒരു അവസരമാണ്, ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് ആക്കം കൂട്ടും: പ്രധാനമന്ത്രി

single-img
7 April 2020

കോവിഡ് വെെറസ് ബാധ  പ്രതിസന്ധി ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് ആക്കം കൂട്ടുന്നതിനും, മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള അവസരമാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് 19 ന് പിന്നാലെ രാജ്യത്തുണ്ടായ സാമ്പത്തിക പ്രത്യാഘാതത്തെ ചെറുക്കാനുള്ള പദ്ധതികൾ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ കോൺഫറൻസിംഗിലൂടെയാണ്‌ മോദി ഇക്കാര്യം പറഞ്ഞത്. ഇതുസംബന്ധിച്ച് മന്ത്രിമാർക്ക് നിർദേശവും നൽകി. 

രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്‌ശേഷം ആദ്യമായിട്ടാണ് മന്ത്രിസഭ യോഗം ചേരുന്നത്. കൊവിഡ് ഹോട്ട്സ്‌പോട്ടുകൾ അല്ലാത്ത വകുപ്പുകൾ ഘട്ടംഘട്ടമായി പ്രവർത്തനമാരംഭിക്കണമെന്നും യോഗത്തിൽ പ്രധാനമന്ത്രി നിർദേശം നൽകി. കൊവിഡ് 19 രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് സംസാരിച്ച മോദി, പ്രതിസന്ധി മറികടക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

ലോക്ക് ഡൗൺ അവസാനിച്ചു കഴിഞ്ഞാൽ ഉയർന്നുവരുന്ന പ്രതിസന്ധികളെ അതിജീവിക്കാനാവശ്യമായ പത്ത് പ്രധാന തീരുമാനങ്ങളും, പത്ത് മുൻഗണനാ മേഖലകളുടെയും ഒരു പട്ടികയും തയ്യാറാക്കാൻ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. മന്ത്രാലയങ്ങൾ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാവശ്യമായ പദ്ധതി തയ്യാറാക്കണമെന്ന് പ്രധാനമന്ത്രയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

‘മന്ത്രാലയങ്ങൾ കൊവിഡ് 19 ന്റെ സാമ്പത്തിക പ്രത്യാഘാതത്തിനെതിരെ പോരാടാൻ ആവശ്യമായ പദ്ധതികൾ തയ്യാറാക്കണം. മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ആക്കം കൂട്ടാനും, മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനുമുള്ള അവസരമായി ഈ പ്രതിസന്ധിയെ കാണണം’-പ്രധാനമന്ത്രി പറഞ്ഞു. 

അതോടൊപ്പം ഉൽപാദനവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികളും നിർദേശങ്ങളും നൽകണമെന്നും മന്ത്രിമാരോട് ആവശ്യപ്പെട്ടു. മന്ത്രിമാർ സംസ്ഥാന-ജില്ലാ അധികാരികളുമായി സമ്പർക്കം പുലർത്തി ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.