കൊറോണയെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്: ലോക ആരോഗ്യ സംഘടന

single-img
24 March 2020

ലോകമാകെ ഭീതിയിൽ നിൽക്കുമ്പോഴും കൊറോണയെ തിജീവിക്കാനുള്ള ശേഷി ഇന്ത്യക്ക് ഉണ്ടെന്ന് ലോക ആരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിഖായേല്‍ ജെ റയാന്‍. മുൻ കാലങ്ങളിൽ വസൂരി, പോളിയോ എന്നീ മഹാവ്യാധികൾ ഉണ്ടായപ്പോൾ അതിനെയെല്ലാം ഫലപ്രദമായി നേരിട്ട ഇന്ത്യക്ക് നിലവിലെ സാഹചര്യത്തിൽകൊറോണവൈറസിനെയും ഫലപ്രദമായി നേരിടാനാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

രോഗം വളരെ വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ലാബുകള്‍ വേണം. ഇന്ത്യയാവട്ടെ വളരെ അധികം ജനസംഖ്യയുള്ള രാജ്യമാണ്. അതിനാൽ ഇവിടെ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുണ്ട്. മുൻ കാലങ്ങളിൽ സമാന സാഹചര്യം ഉണ്ടായപ്പോൾ പോളിയോ, വസൂരി എന്നീ മഹാമാരികളെ ഇന്ത്യ ഫലപ്രദമായി നേരിട്ട് ഇല്ലാതാക്കിയിട്ടുണ്ട്.

ഇവയെ ലോകത്തുനിന്നും തുടച്ചുനീക്കാന്‍ നേതൃത്വം നല്‍കിയത് ഇന്ത്യയാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ കൊവിഡ് 19നെയും തുടച്ചുനീക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്.കൊറോണ വൈറസ് വ്യാപന വിഷയത്തിൽ സംബന്ധിച്ച് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 3.30 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 14000ത്തിന് മുകളില്‍ ആളുകള്‍ മരിക്കുകയും ചെയ്തു.