കൊവിഡിന്റെ സാമ്പത്തിക പ്രത്യാഘാതം വലുത്; കേന്ദ്രസര്‍ക്കാര്‍ ധ്രുതഗതിയില്‍ പ്രവര്‍ത്തിക്കണമെന്ന് പി ചിദംബരം

single-img
23 March 2020

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസര്‍ക്കാര്‍ രാജ്യമാകെ ധ്രുതഗതിയില്‍ പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം. വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ സാമ്പത്തിക പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിനെ നേരിടാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ മേഖലയിൽ ദിവസക്കൂലിക്കാര്‍ക്കും കര്‍ഷകര്‍ക്കും മറ്റും മാസ ശമ്പളം ഏര്‍പ്പാടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുള്ള പരീക്ഷണാര്‍ത്ഥമായാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനം രാജ്യത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നും അഞ്ച് ലക്ഷം കോടി രൂപയെങ്കിലും സര്‍ക്കാര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തിയേ തീരൂ എന്നും ചിദംബരം വ്യക്തമാക്കി.

ഇപ്പോഴത്തെ അവസ്ഥയിൽ കാര്‍ഷിക സബ്‌സിഡികള്‍ പ്രഖ്യാപിച്ചും നികുതി ഇളവുകള്‍ വരുത്തിയും പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ അനുവദിച്ചും ഭക്ഷ്യ ധാന്യങ്ങള്‍ വിതരം ചെയ്തും മാത്രമേ ആദ്യഘട്ട പ്രതിസന്ധിയെ മറിടകടക്കാനാവൂ എന്നും ചിദംബരം പറഞ്ഞു. അതോടൊപ്പം ആഗോള തലത്തില്‍
സാമ്പത്തിക രംഗം ഇടിയുന്നതിന് സമാന്തരമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും തകരുമെന്നും ഇത് മാന്ദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.