സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച യുവാവിനെ മുസ്ലീം ലീഗ് ഓഫീസിൽ വച്ച് കുത്തിക്കൊന്നു: കുത്തിയതും കുത്തേറ്റതും ലീഗ് പ്രവർത്തകർ

single-img
17 March 2020

തൊട്ടില്‍പ്പാലത്ത് മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ യുവാവ് കുത്തേറ്റ് മരിച്ചു.  എടച്ചേരിക്കണ്ടി അന്‍സറാണ് കൊല്ലപ്പെട്ടത്. 28 വയസ്സായിരുന്നു. സംഭവവുമായി പ്രതി ബെല്‍മൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

രണ്ടുപേരും മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകരാണെന്നാണ് വിവരം. ഇരുവരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി ലീഗിന്റെ പ്രാദേശിക നേതൃത്വം ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. മധ്യസ്ഥതയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ അരയില്‍ നിന്ന് കത്തിയെടുത്ത് അഹമ്മദ് ഹാജി അന്‍സാറിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം. 

അഹമ്മദ് ഹാജിയെ കഴിഞ്ഞ കുറെ ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ അന്‍സാര്‍ അപവാദപ്രചാരണം നടത്തിയിരുന്നതായി ലീഗ് നേതാക്കള്‍ പറയുന്നു. ഇതാവാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കുത്തേറ്റ അന്‍സാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.