മാസ് എൻട്രിയുമായി രജിത് കുമാർ തിരിച്ചു ബിഗ് ബോസിലേക്ക്? കഴിഞ്ഞ ദിവസം മുതലുള്ള സൂചനകൾ ഇങ്ങനെ

single-img
16 March 2020

പെൺകുട്ടിയുടെ കണ്ണിൽ മുളക് ഉടച്ചു തേച്ചതിൻ്റെ പേരിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ രജിത് കുമാർ തിരിച്ചു വീണ്ടും ബിഗ് ബോസിലേക്ക് പ്രവേശിക്കുമോ? രജിത് അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ വരുന്ന ചർച്ചകൾ ഈ ഒരു സാധ്യതിയിലേക്ക് വിരൽ ചൂണ്ടുന്നത്. ബിഗ്ബോസിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള രജിത് കുമാറിനെ തിരിച്ചു കയറ്റുന്നതിൻ്റെ ഭാഗമായാണ് രജിത് കുമാറിന് പുറത്തേക്കുള്ള വഴി തുറന്ന രേഷ്മയെ കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്നും പുറത്താക്കിയതെന്ന സൂചനകളാണ് ഗ്രൂപ്പുകളിൽ ഉയരുന്നത്. 

അവൾ അവിടെയുള്ളപ്പോൾ മാത്രമാണ് രജിത്തിന് അകത്തേക്ക് വിലക്കുള്ളതെന്നാണ് ഗ്രൂപ്പുകളിൽ ഉയർന്നു വരുന്ന വാദം. രേഷ്മ നാളെ പുറത്തേക്ക് പോകും. അതായത് രേഷ്മ ഇല്ലാത്ത ബിഗ് ബോസിനകത്തേക്ക് രജിത്തിന് ചെല്ലാം. അപ്പോ നാളെ രജിത്തിൻ്റെ റീലോഡഡ് മാസ് എൻട്രിയുണ്ടായിരിക്കും- ഗ്രുപ്പുകളിൽ രജിത് ആർമി അഭിപ്രായപ്പെടുന്നു. 

എന്നാൽ ബിഗ് ബോസിൽ നിന്നും ഇത്തരത്തിൽ പുറത്തായ ഒരു വ്യക്തി തിരിച്ച് അവിടേക്കു കടന്നു ചെന്നിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. രജിത് കുമാറിൻ്റെ ആരാധകർ ഏഷ്യാനെറ്റിനെതിരെയും മോഹൻലാലിനെതിരെയും തിരിഞ്ഞതിനാൽ അങ്ങനെയൊരു സാധ്യത തള്ളിക്കളയാനാകില്ലെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം രജിത് കുമാർ നാട്ടിലേക്കു തിരിച്ചു വന്നിരുന്നു. തിരിച്ചു കയറ്റാനായിരുന്നെങ്കിൽ നാട്ടിലേക്ക് തിരിച്ചയേക്കണ്ടതില്ലായിരുന്നവെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ രജിത് കുമാർ നാട്ടിൽ തിരിച്ചെത്തിയതോടെ ബിഗ് ബോസിൽ ഇനി അദ്ദേഹം ഉണ്ടാകില്ലെന്ന് പ്രേക്ഷകർ കരുതുന്നതായും ഇനിയൊരു അപ്രതീക്ഷിതമായ മാസ് എൻട്രിയിലൂടെ രജിത് കുമാർ തിരിച്ചെത്തിയാൽ അത് ഏഷ്യാനെറ്റിനും ബിഗ് ബോസിനും വലിയ നേട്ടമാകുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഇതിനിടെ കോവിഡ് 19 പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം നിലനിൽക്കേ റിയാലിറ്റി ഷോ മത്സരാർത്ഥിയായ രജിത് കുമാറും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു നടത്തിയ പ്രകടനത്തിനെതിരെ പൊലീസ് നടപടിയെടുത്തിട്ടുണ്ട്. വിമാനത്താവളത്തിൽ നിയന്ത്രണം ലംഘിച്ച് നടത്തിയ സ്വീകരണത്തിനെതിരെയാണ് നടപടി. സംഭവത്തിൽ പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന  75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. 

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് രജിത് കുമാർ കൊച്ചിയിലെത്തിയത്. രജിത് എത്തുന്ന വിവരമറിഞ്ഞ് വൻ ജനക്കൂട്ടം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ലെന്ന് എറണാകുളം ജില്ല കളക്ടർ വ്യക്തമാക്കിയിരുന്നു.