ദേവനന്ദയുടെ മൃതദേഹം ആറ്റിലെത്തിയത് ബാഹ്യ ശക്തിയുടെ കരങ്ങളിലൂടെ; ഇന്ന് നിർണ്ണായകം

single-img
11 March 2020

എഴുവയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ ഉത്തരമാകും. കുട്ടി പുഴയിൽ തനിയെ വീണതല്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ഈ വാദങ്ങളിൽ കഴമ്പുണ്ടെന്നു തെളിയിക്കുന്നതാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതിയെന്നാണ് റിപ്പോർട്ടുകൾ. 

ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമൺ ആറിൽ ഏത് ഭാഗത്താണ് കുട്ടി ആദ്യം വീണതെന്നതിന് വ്യക്തമായ ഉത്തരം നൽകാൻ ഫോറൻസിക് റിപ്പോർട്ടിന് കഴിയുമെന്നാണ് സൂചനകൾ. ആറ്റിലെ വിവിധ ഭാഗങ്ങളിലെ വെള്ളവും ചെളിയും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.കുട്ടിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയ ചെളിയും വെള്ളവും ഇതിൽ ഏത് ഭാഗത്തേതിന് സമാനമാണെന്നാണ് വിശദമായി പരിശോധിച്ചത്. 

മൃതദേഹം കണ്ട താത്കാലിക തടയണയുടെ ഭാഗത്ത് മാത്രമായിരുന്നു കുട്ടിയെ കാണാതായ ദിവസം മുങ്ങൽ വിദഗ്ധർ കൂടുതൽ തെരച്ചിൽ നടത്തിയിരുന്നത്.  28ന് രാവിലെ ഇതിന് സമീപത്തുതന്നെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കുട്ടിയുടെ അമ്മ ധന്യയുടെ ഷാളും ഇതിനടുത്ത് നിന്നാണ് കണ്ടെത്തിയത്. വീടിന് 70 മീറ്ററോളം അകലെയുള്ള കുളിക്കടവിലാണ് കുട്ടി വീണതെങ്കിൽ മുറിവുകളോ മറ്റ് അടയാളങ്ങളോ ഇല്ലാതെ തടയണവരെയുള്ള ദൂരം എത്താൻ കഴിയില്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. 

ദേവനന്ദ ആറ്റിലെത്തിയത് ബാഹ്യ ശക്തിയുടെ കരങ്ങളിലൂടെയെന്നതിന് വ്യക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളതെന്നാണ് സൂചന. ഇതിനിടെ പ്രതിയെക്കുറിച്ച് ഏകദേശ ധാരണ പൊലീസിന് ലഭിച്ചതായാണ് വിവരം. ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാതെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടെന്ന നിർദ്ദേശം ലഭിച്ചതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് സൂചന. ഫോറൻസിക്  റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് സൂചന. റിപ്പോർട്ട് ലഭിച്ചാൽ ഉടൻതന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. 

പൊലീസ് സംശയിക്കുന്നവരുടെ പട്ടിക നേരത്തേ തയ്യാറാക്കി ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. നിർണായക വിവരങ്ങൾ ഇതിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാതെ ഈ വിവരങ്ങൾ പുറത്ത് വിടേണ്ടെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. എല്ലാത്തിനും നാളെ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചുകഴിഞ്ഞാൽ ഉത്തരമുണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ.