ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം റൊണാൾഡീഞ്ഞോ പാരഗ്വായിൽ അറസ്റ്റിൽ

single-img
5 March 2020

പാരഗ്വായ്: ബ്രസീലിയൻ സൂപ്പർതാരം റൊണാൾഡീഞ്ഞോ പാരഗ്വായിൽ അറസ്റ്റിലായതായി റിപ്പോർട്ട്. വ്യാജ പാസ്പോർട്ടുമായി യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെയാണ് റൊണാൾഡീഞ്ഞോ അറസ്റ്റിലായതെന്നാണ് വിവരം. റൊണാൾഡീഞ്ഞോയും സഹോദരൻ റോബർട്ടോയും വ്യാജ യാത്രാ രേഖകളുമായി കസ്റ്റഡിയിലാണെന്ന് പാരഗ്വായ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളേക്കൂടി കസ്റ്റഡിയിലെടുത്തു. മൂവരും താമസിച്ചിരുന്ന ഹോട്ടലിൽത്തന്നെ പൊലീസ് നിരീക്ഷണത്തിൽ തുടരുകയാണ്.

ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് റൊണാൾഡീഞ്ഞോ പാരഗ്വായിലെത്തിയത്. തലസ്ഥാന നഗരമായ അസുൻസിയോണിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസ സ്ഥലത്തെത്തിയാണ് പാരഗ്വായ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. യാത്രാരേഖകളും പിടിച്ചെടുത്തു.

പരിസ്ഥിതി നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ 2018ൽ റൊണാൾഡീഞ്ഞോയുടെ ബ്രസീലിയൻ പാസ്പോർട്ട് അധികൃതർ റദ്ദാക്കിയിരുന്നു. ഗുവെയ്ബ തടാകത്തിൽ പാരിസ്ഥിതിക അനുമതി വാങ്ങാതെ അനധികൃത നിർമാണം നടത്തിയ സംഭവത്തിൽ 2015ലാണ് റൊണാൾഡീഞ്ഞോയ്ക്കെതിരെ കേസെടുത്തത്.വൻ പിഴ ഈടാക്കി കേസ് ഒത്തുതീർപ്പാക്കിയെങ്കിലും പിഴയൊടുക്കാത്തതിനെ തുടർന്ന് 2018 നവംബറിൽ റൊണാൾഡീഞ്ഞോയുടെ പാസ്പോർട്ട് ബ്രസീൽ റദ്ദാക്കി. പിന്നീട് പിഴയൊടുക്കിയതിനെ തുടർന്ന് 2019 സെപ്റ്റംബറിൽ പാസ്പോർട്ട് തിരികെ നൽകി.

2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു മുപ്പത്തൊൻപതുകാരനായ റൊണാൾഡീഞ്ഞോ. സ്പാനിഷ് ക്ലബ് ബാർസിലോനയുടെയും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെയും ഇറ്റാലിയൻ ക്ലബ് എസി മിലാന്റെയും മിന്നും താരമായിരുന്നു. ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, ബലോൻ ദ് ഓർ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ അപൂർവം താരങ്ങളിൽ ഒരാളാണ്. 2018ലാണ് ഫുട്ബോളിൽനിന്ന് വിരമിച്ചത്.