കേരള പൊലീസിൽ ഇസ്ലാമിക തീവ്രവാദികളുണ്ട്: പൊലീസ് സേനയ്ക്ക് എതിരെ വർഗ്ഗീയ പരാമർശവുമായി കെ സുരേന്ദ്രൻ

single-img
29 February 2020

സംസ്ഥാന പൊലീസ് സേനയ്ക്ക് എതിരെ വർഗ്ഗീയ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.കേരളാ പൊലീസില്‍ ഇസ്‌ലാമിക തീവ്രവാദികളുണ്ടെന്നും പൊലീസ് പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരള പൊലീസിൻ്റെ അടിസ്ഥാനം മതമാണെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 

‘തീവ്രവാദികളുടെ സ്ലീപ്പര്‍ സെല്ലുകള്‍ പൊലീസിലുണ്ട്. മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ദല്‍ഹി കലാപത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്,’ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മാറാട് നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തേ പൗരത്വ നിയമ പ്രതിഷേധ സമരം നടത്തുന്ന യൂത്ത് ലീഗിനെതിരെയും സമാന പരാമര്‍ശവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തയിരുന്നു. കോഴിക്കോട് ഷാഹീന്‍ ബാഗ് സ്‌ക്വയര്‍ എന്ന പേരില്‍ സമരം നടത്തുന്നത് തീവ്രവാദികളാണെന്നായിരുന്നു കെ. സുരേന്ദ്രൻ്റെ ആരോപണം.

 യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി. കെ ഫിറോസ് ഇതിനു സമറുപടിയും നൽകിയിരുന്നു. ബിജെപി അല്ല, യൂത്ത് ലീഗാണ് സമരം നടത്തുന്നത്. സുരേന്ദ്രന്റെ തിട്ടൂരത്തിനനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ലെന്നും ഫിറോസ് പറഞ്ഞിരുന്നു.