പുഴയിൽ വീണു മരിച്ച ദേവനന്ദയുടെ പോസ്റ്റുമാർട്ടം പ്രാഥമിക നിഗമനങ്ങൾ പുറത്ത്

single-img
28 February 2020

കൊല്ലം പള്ളിമണിൽ പുഴയിൽ മരിച്ച നിലയിൽ കാണപ്പെട്ട ആറുവയസ്സുകാരി ദേവനന്ദയുടെ പോസ്റ്റുമാർട്ടം സംബന്ധിച്ച് പ്രാഥമിക നിഗമനങ്ങൾ പുറത്ത്. കുട്ടിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ് മോർട്ടത്തിൽ പ്രാഥമിക നി​ഗമനം. കുട്ടി മുങ്ങിമരിച്ചതാണെന്നും ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലെന്ന് കുട്ടിയെ  പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനെ അറിയിച്ചതായാണ് സൂചന. 

കുട്ടിയുടെ ആന്തരികാവയവങ്ങൾ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ കൂടി ഫലം ലഭിച്ചശേഷമാകും അന്തിമ റിപ്പോർട്ട് പൊലീസിന് നൽകുക. ചെളിയും വെള്ളവും ശ്വാസകോശത്തിലും വയറ്റിലും കണ്ടെത്തി. എന്നാൽ മരണത്തിൽ അസ്വാഭാവികത കണ്ടെത്താവുന്ന ഒന്നും പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയില്ലെന്നാണ് പൊലീസിനെ വാക്കാൽ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. 

ദേവനന്ദയുടെ  മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു.ശരീരത്തില്‍ ബാഹ്യമായ പരിക്കുകള്‍ ഇല്ല. മൃതദേഹത്തില്‍ വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാവിലെ ഏഴേമുക്കാലോടെയാണ് ഇത്തിരക്കരയാറ്റില്‍ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. കോസ്റ്റല്‍ പൊലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.