വില വര്‍ദ്ധനക്കെതിരെ വേറിട്ട പ്രതിഷേധം; ഗ്യാസ് സിലിണ്ടര്‍ ചുമന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ യുപി നിയമസഭയില്‍

single-img
13 February 2020

പാചകവാതകത്തിന്റെ വില വർദ്ധനവിൽ പ്രതിഷേധിച്ച് യുപി നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ വേറിട്ട സമരം. ഗ്യാസ് സിലിണ്ടര്‍ ചുമന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയുടെ ബജറ്റ് സെഷനില്‍ സമരവുമായെത്തി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്‍റെ പ്രസംഗം തടസ്സപ്പെടുത്തി.

പ്രതിപക്ഷത്തെ സമാജ് വാദി പാര്‍ട്ടി എംഎല്‍എമാരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നയപ്രസംഗത്തിൽ ഗവര്‍ണര്‍ കേന്ദ്രത്തിന്റെ പൗരത്വ നിയമ ഭേദഗതിയെയും ദേശീയപൗരത്വ പട്ടികയെയും ഗവര്‍ണര്‍ അനുകൂലിച്ച് സംസാരിച്ചതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. രാജ്യമാകെ ജനകീയ പ്രതിഷേധത്തിന് സിഎഎ, എന്‍ആര്‍സി കാരണമായെന്നും മുസ്ലീങ്ങളെ ഉന്നം വെക്കുന്നതാണ് നിയമമെന്ന് വിമര്‍ശനമുണ്ടെന്നും എംഎല്‍എമാര്‍ പറഞ്ഞു.

ഗവർണർ നടത്തിയ പ്രസംഗത്തിനെതിരെ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുമായെത്തിയാണ് പ്രതിഷേധമുന്നയിച്ചത്.
അതിന് ശേഷം നിയമസഭാ മന്ദിരത്തിന് പുറത്തും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. വിലവർദ്ധനവിൽ പ്രതിഷേധിച്ച് റിക്ഷാ തൊഴിലാളികള്‍ക്ക് സൗജന്യമായി ഉരുളക്കിഴങ്ങ് വിതരണം ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്.