ലോക്നാഥ് ബെഹ്റയെ ഉടൻ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം: രമേശ് ചെന്നിത്തല

single-img
12 February 2020

സംസ്ഥാന പോലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായതായുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ കണ്ടെത്തലിന് പിന്നാലെ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്നാഥ് ബെഹ്റയെ ഉടൻ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ വിജിലൻസ് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരില്ലെന്ന് പറഞ്ഞ ചെന്നിത്തല സിഎജിയുടെ കണ്ടെത്തൽ അതീവ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി.

Support Evartha to Save Independent journalism

കേരളാ പോലീസ് ശേഖരത്തിലെ ആയുധം നഷ്ടപ്പെട്ടതിൽ എൻഐഎ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യമായി ഡിജിപിയെ സംരക്ഷിക്കുന്നുവെന്നാരോപിച്ച ചെന്നിത്തല. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാപ്രശ്നമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നതെന്നും ആരോപിച്ചു.

കേരളാ പോലീസ് സേനയുടെ വെടിക്കോപ്പുകളിൽ വൻ കുറവുണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തൽ. ഏകദേശം 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരമായി വ്യാജ വെടിയുണ്ടകൾ വെക്കുകയും സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തതായി സിഎജി കണ്ടെത്തിയിട്ടുണ്ട്.