‘ഡൗണ്‍ ‍ഡൗണ്‍ മോദി’; ബിജെപി യോഗത്തിനിടെ മോദിക്കെതിരെ മുദ്രാവാക്യം; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

single-img
11 February 2020

ബിജെപിയുടെ യോഗത്തിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിനിടെയാണ് പ്രദേശവാസിയായ കനകനാഥന്‍ മോദിക്കെതിരായി പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്.

പ്രധാനമന്ത്രിക്ക് എതിരായ മുദ്രാവാക്യം കേട്ടതോടെ ബിജെപി പ്രവര്‍ത്തകര്‍ യുവാവ് താമസിച്ച വീട് വളയുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ‘ഡൗണ്‍ ‍ഡൗണ്‍ മോദി’ എന്നായിരുന്നു കനകനാഥന്‍ താഴെ നടക്കുന്ന ബിജെപി യോഗത്തിനെതിരായി വീടിന്റെ ടെറസിന് മുകളില്‍ നിന്നും വിളിച്ചത്.

പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യുവാവിനെ എന്ത് കാരണത്താലാണ് അറസ്റ്റ് ചെയ്തതെന്ന ന്യൂസ് മിനുറ്റി-ന്റെ ചോദ്യത്തിന് ‘ബിജെപി യോഗത്തിനിടെ മുദ്രാവാക്യം വിളിച്ചതോടെ സമാധാനാന്തരീക്ഷം തകര്‍ത്തു’ എന്നായിരുന്നു ഇന്‍സ്പെക്ടര്‍ നല്‍കിയ വിശദീകരണം. ഇതിന് പുറമേ അറസ്റ്റിനെതിരെ മനുഷ്യാവകാശ അഭിഭാഷകനായ സുധാ രാമലിങ്കം രംഗത്തുവന്നു. യുവാവിന്റെ അറസ്റ്റ് തന്നെ നിയമവിരുദ്ധമാണെന്ന് പറഞ്ഞ സുധാ രാമലിങ്കം ഈ വിഷയത്തില്‍ സുപ്രീം കോടതി മുമ്പൊരു പരാമര്‍ശം തന്നെ നടത്തിയിട്ടുണ്ടെന്നും പ്രതികരിച്ചു.